നാളെ മുതൽ തമിഴ്‌നാട്ടിലെ 500 ചില്ലറ മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
തമിഴ് സൂപ്പർസ്റ്റാർ ധനുഷ് സംവിധായകൻ ആനന്ദ് എൽ റായ്, സംഗീത സംവിധായകൻ എആർ റഹ്മാൻ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു
ഒന്‍പതാമത് അന്താരാഷ്ട്ര യോഗാദിനം
ഒന്‍പതാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് ലോകം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി.
ഒരു ലോകം ഒരു കുടുംബം എന്നതാണ് ഒന്‍പതാമത് അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആപ്ത വാക്യം. 2014ൽ ഐക്യരാഷ്ട്ര സഭ അംഗീകാരം നൽകിയതോടെ 2015 മുതലാണ് എല്ലാ വർഷവും ജൂൺ21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. ഐക്യ രാഷ്ട്ര സഭയിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംബന്ധിച്ച ചർച്ചകളെ ലോക രാഷ്ട്രങ്ങൾ പിന്തുണച്ചത് ചരിത്രപരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പൗര പ്രമുഖരും മോദിക്കൊപ്പം യുഎൻ ആസ്ഥാനത്തെ യോഗ ദിനാചരണത്തിൽ പങ്കെടുത്തു.
വിവിധ സേന വിഭാഗങ്ങൾ അതിർത്തികളിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമയപ്പോൾ കൊച്ചിയിൽ എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്തിൽ യോഗ ദിനാചരണത്തിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി നോയിഡയിലും അനുരാഗ് താക്കൂർ ഹിമാചൽ പ്രദേശിലും പിയൂഷ് ഗോയൽ മുംബൈയിലും അശ്വിനി വൈഷ്ണവ് ഒഡീഷയിലും യോഗ ദിനാചരണത്തിൻ്റെ ഭാഗമായി. വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരും ലോക്സഭാ രാജ്യസഭാ അധ്യക്ഷന്മാരും അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ പങ്കെടുത്തു.
'ജൂൺ 22 മുതൽ തമിഴ്‌നാട്ടിലെ 500 ചില്ലറ മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല'; ടാസ്മാക്
നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ജൂൺ 22 മുതൽ തമിഴ്‌നാട്ടിലെ 500 ചില്ലറ മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കുന്നത് നിർത്തുമെന്ന് ടാസ്മാക് അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത എക്‌സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയാണ് ഈ വർഷം ഏപ്രിലിൽ ഇക്കാര്യം സഭയിൽ അറിയിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദേശപ്രകാരം മദ്യ റീട്ടെയിലറായ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) 2023 ഏപ്രിൽ 20 ന് ജിഒ പുറപ്പെടുവിക്കുകയായിരുന്നു.500 റീട്ടെയിൽ മദ്യ വിൽപന കേന്ദ്രങ്ങൾ കണ്ടെത്തി അവ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവാണ് ജിഒ.ജിഒ നടപ്പിലാക്കുന്നതിനായി, സംസ്ഥാനത്തുടനീളമുള്ള 500 റീട്ടെയിൽ ഔട്ട്ലെറ്റുകൾ കണ്ടെത്തി 20223 ജൂൺ 22 മുതൽ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 22 മുതൽ 500 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ലെന്ന് ടാസ്മാക് പ്രസ്താവനയിൽ അറിയിച്ചു.
'ടെസ്‍ല ഇന്ത്യയിൽ എത്തും'; ഇലോൺ മസ്ക്
അമേരിക്കയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് കൂടികാഴ്ച നടത്തി. ടെസ്‌ല ഇന്ത്യയിൽ എത്തുമെന്നും ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ടെസ്‌ല സിഇഒ എലോൺ മസ്‌ക് പറഞ്ഞു. "മോദിയുടെ ആരാധകൻ" എന്ന് സ്വയം വിശേഷിപ്പിച്ച മസ്‌ക്, ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ മോദി തങ്ങളെ പ്രേരിപ്പിക്കുന്നുന്നെന്നും, ഇത് തങ്ങൾ നേരത്തെ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യമാണെന്നും അതിനായുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. സ്‌പേസ് എക്‌സ് നടത്തുന്ന സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനവും ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും മസ്‌ക് പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വഴിത്തിരിവുണ്ടാക്കുന്ന മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് മോദി ന്യൂയോർക്കിലെത്തിയത്.
വെബ്‌സൈറ്റിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പാലിക്കാത്തതിന് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തുന്നുവെന്ന് ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്റർ ഉടമ കൂടിയായ മസ്‌കുമായി മോദി കൂടിക്കാഴ്ച നടത്തിയത് . അഭിമുഖത്തിലെ ഡോർസിയുടെ ആരോപണങ്ങൾ ഇന്ത്യൻ സർക്കാർ ശക്തമായി നിഷേധിച്ചിരുന്നു.
വൈദ്യുത വാഹനങ്ങൾ നിർമ്മിക്കുന്നതിനായി ടെസ്‌ല ഒരു ഫാക്ടറി സ്ഥാപിക്കാൻ നിർദ്ദേശിച്ചതായും രാജ്യത്ത് ഇവി ബാറ്ററികൾ നിർമ്മിക്കാൻ ശ്രമിക്കുന്നതായും റോയിട്ടേഴ്‌സ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു .
ഹിറ്റ് ത്രയത്തിൽ നിന്നും മറ്റൊരു ബ്ലോക്ക്ബസ്റ്റർ
തമിഴ് സൂപ്പർസ്റ്റാർ ധനുഷ് സംവിധായകൻ ആനന്ദ് എൽ റായ്, സംഗീത സംവിധായകൻ എആർ റഹ്മാൻ എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് റായ് ധനുഷിനൊപ്പമുള്ള തന്റെ അടുത്ത ചിത്രമായ തേരേ ഇഷ്‌ക് മേ പ്രഖ്യാപിച്ചത്.
ടീസർ ഷെയർ ചെയ്തയുടൻ ധനുഷിന്റെ ആരാധകർ ചിത്രത്തെ ഹിറ്റ് ത്രയത്തിൽ നിന്നുള്ള അടുത്ത ബ്ലോക്ക്ബസ്റ്റർ എന്നാണ് വിശേഷിപ്പിച്ചത്. "രാഞ്ജന 2 എന്നാണ് ഒരു ആരാധകൻ കുറിച്ചത്.രാഞ്ജന, അത്രംഗി രേ (2021) എന്നീ ചിത്രങ്ങൾക്ക് ശേഷം ആനന്ദ്, എആർ റഹ്മാൻ എന്നിവരുമൊത്തുള്ള ധനുഷിന്റെ മൂന്നാമത്തെ ചിത്രമാണ് തേരേ ഇഷ്ക് മേൻ. തേരേ ഇഷ്‌ക് മേ 2024-ൽ തിയേറ്ററുകളിലെത്തും.
അടിച്ചെടുത്തും എറിഞ്ഞിട്ടും അർഷിൻ കുൽക്കർണി
മഹാരാഷ്ട്ര പ്രീമിയർ ലീഗിൽ(എം.പി.എല്‍) തകർപ്പൻ ഓൾറൗണ്ടർ പ്രകടനവുമായി പതിനെട്ടുകാരൻ അർഷിൻ കുൽക്കർണി. ഈഗിൾ നാഷികിന് വേണ്ടി കളിക്കുന്ന അർഷിൻ സെഞ്ച്വറിയും നാല് വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ഭാവി ഹാർദിക് പാണ്ഡ്യ എന്നൊക്കെയാണ് താരത്തെ സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്.
പുനേരി ബപ്പ എന്ന ടീമിനെതിരെയായിരുന്നു അര്‍ഷിന്റെ ഒറ്റയാള്‍ പ്രകടനം. ആദ്യം ബാറ്റു ചെയ്ത യുവതാരം 54 പന്തുകളിൽനിന്ന് നേടിയത് 117 റൺസ്. നാസിക് 204 റൺസെന്ന വമ്പൻ വിജയലക്ഷ്യമാണ് പുനേരിക്കെതിരെ ഉയര്‍ത്തിയത്.
216.67 സ്ട്രൈക്ക് റേറ്റില്‍ ബാറ്റു വീശിയ അർഷിൻ 13 സിക്സുകളാണ് അടിച്ചുകൂട്ടിയത്. മൂന്ന് ബൗണ്ടറികളെ നേടിയുള്ളൂ. ബൗളിങിലും തിളങ്ങിയ അര്‍ഷിൻ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി. 20–ാം ഓവർ എറിഞ്ഞ അർഷിൻ അഞ്ച് റൺസ് പ്രതിരോധിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. അവസാന ഓവറില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകളും വീഴ്ത്തി. പുനേരി ടീമിന്റെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദിന്റെ ചെറുത്തുനിൽപ് (23 പന്തിൽ 50) മറികടന്ന് നാസിക് ഒരു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണു സ്വന്തമാക്കിയത്.
ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്ത് എത്തിച്ച് റൺസ് കണ്ടെത്തിയ അർഷിന്റെ ബാറ്റിങ് സമൂഹമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് വൈറലാകുകയും ചെയ്തു.
ദീപിക കക്കറിനും ഷോയിബ് ഇബ്രാഹിമിനും ആൺകുഞ്ഞ് പിറന്നു
ജനപ്രിയ ടെലിവിഷൻ താരം ദീപിക കക്കർ ഇബ്രാഹിമിനും ഷോയിബ് ഇബ്രാഹിമിനും ആൺകുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ദീപിക കക്കർ മ്മയായ വിവരം ഷോയിബ് ഇബ്രാഹിം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ബുധനാഴ്ച, ഷൊയ്ബ് ഇബ്രാഹിം തന്റെ ഇൻസ്റ്റാഗ്രാമിൽ എഴുതിയത് ഇങ്ങനെയാണ് “അൽഹംദുലില്ലാ, ഇന്ന് 21 ജൂൺ 2023 അതിരാവിലെ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെ കാത്തുകൊള്ളേണമേ."
പ്രസവത്തിന് ശേഷം ദീപിക കക്കർ ഇബ്രാഹിം അഭിനയം നിർത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു, എന്നാൽ ഇതിനെ താരം നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
'മോദിയെയും അമിത് ഷായെയും നിതീഷ് കുമാറിനെയും വധിക്കും': ഡല്‍ഹി പൊലീസിന് ഭീഷണി കോള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍ ലഭിച്ചെന്ന് ഡല്‍ഹി പൊലീസ്. മൂവരെയും വധിക്കുമെന്ന് രണ്ട് ഫോണ്‍ കോള്‍ വന്നെന്ന് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
രാവിലെ 10.46നും 10.54നുമാണ് കോള്‍ വന്നത്. ആദ്യത്തെ തവണ 10 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വധിക്കുമെന്നും പറഞ്ഞു. രണ്ടാമത് വിളിച്ച് 2 കോടി രൂപ നല്‍കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദ്ര സിങ് പറഞ്ഞു.
പശ്ചിം വിഹാര്‍ മേഖലയില്‍ നിന്നാണ് കോള്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി. സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും മറ്റ് നാല് ഓഫീസര്‍മാരെയും അവിടേക്ക് അയച്ചു. സുധീര്‍ എന്നയാളുടെ വീട്ടിലാണ് അന്വേഷണം ചെന്നെത്തിയത്. ഇയാള്‍ മദ്യപിച്ചതിന് ശേഷമാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു. 10 വയസ്സുള്ള മകന്‍ മാത്രമേ പൊലീസ് എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ മുതല്‍ സുധീര്‍ മദ്യപിക്കുകയായിരുന്നുവെന്ന് മകന്‍ പറഞ്ഞു. സുധീറിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
നടുറോഡില്‍ ആളുകള്‍ നോക്കിനില്‍ക്കെ എഞ്ചിനിയറുടെ മുഖത്തടിച്ച് മഹാരാഷ്ട്ര എം.എല്‍.എ
പൊതുനിരത്തില്‍ വച്ച് ആളുകള്‍ നോക്കിനില്‍ക്കെ സിവില്‍ എഞ്ചിനിയറുടെ മുഖത്തടിച്ച് മഹാരാഷ്ട്ര എം.എല്‍.എ. 'നാലായക്'(ഉപയോഗമില്ലാത്തവന്‍) എന്നു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
താനെ ജില്ലയിലെ മീരാ ഭയന്ദറില്‍ നിന്നുള്ള എം.എല്‍.എയായ ഗീതാ ജെയിനാണ് മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനിയര്‍മാരെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. മീരാ ഭയന്ദർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ അറിയിപ്പ് കൂടാതെ കോര്‍പ്പറേഷനിലെ താമസക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പൊളിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഇതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പെരുവഴിയിലാകേണ്ട അവസ്ഥയുമായി. വീട് തകർത്ത സംഭവത്തിൽ ഗീത ജെയിൻ ഒരു ഉദ്യോഗസ്ഥനെ ശാസിക്കുന്നതും വീഡിയോയിൽ കാണാം.തുടര്‍ന്ന് എഞ്ചിനിറയുടെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ച് അയാളുടെ മുഖത്തടിക്കുകയും ചെയ്തു.
തങ്ങളുടെ വീട് പൊളിക്കുമ്പോൾ കരയുന്ന സ്ത്രീകളെ നോക്കി എഞ്ചിനിയര്‍ ചിരിക്കുന്നത് കണ്ടപ്പോൾ താൻ അസ്വസ്ഥയായെന്ന് ഗീത ഒരു പ്രാദേശിക വാർത്താ ചാനലിനോട് പറഞ്ഞു. തന്‍റെ നീക്കം സ്വഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തകര്‍ത്ത വീടിന്‍റെ ഒരു ഭാഗം മാത്രമേ നിയമവിരുദ്ധമായി നിര്‍മിച്ചിട്ടുള്ളതെന്നും അനധികൃതമായ ഭാഗം നീക്കം ചെയ്യാമെന്ന് അതിലെ താമസക്കാർ പറഞ്ഞിരുന്നുവെന്നും ഗീത വ്യക്തമാക്കി. ബിൽഡർമാരുടെ ഒത്താശയോടെയാണ് രണ്ട് എൻജിനീയർമാർ സ്വകാര്യ ഭൂമിയിൽ പൊളിക്കൽ ജോലികൾ നടത്തിയതെന്ന് ഗീത ജെയിൻ അവകാശപ്പെട്ടു. തന്‍റെ നടപടിയിൽ ഖേദമില്ലെന്നും ഏത് ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16