'500 രൂപയ്ക്ക് എൽ.പി.ജി, കർഷകവായ്പ എഴുതിത്തള്ളും'; ഗുജറാത്തിൽ രാഹുലിന്റെ വാഗ്ദാനങ്ങൾ
''മൂന്ന്, നാല് വ്യവസായികളുടെ ഭരണമാണ് ഗുജറാത്ത് മോഡൽ, ഈ വ്യവസായികൾക്ക് രണ്ട് മിനിറ്റിനുള്ളിൽ സർക്കാർ ആവശ്യമുള്ളത്ര ഭൂമി നൽകും, പാവപ്പെട്ടവരും ആദിവാസികളും കൈ കൂപ്പി കുറച്ച് ഭൂമി ആവശ്യപ്പെടുമ്പോൾ അവർക്ക് അത് അനുവദിക്കപ്പെടുന്നില്ല''- രാഹുൽ ഗാന്ധി
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ 3 ലക്ഷം രൂപ വരെയുള്ള കർഷക വായ്പ എഴുതിത്തള്ളുമെന്നും 1000 രൂപയ്ക്ക് ലഭിക്കുന്ന പാചക വാതകം 500 രൂപയ്ക്ക് നൽകുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് വൈദ്യുതി സൗജന്യമായി നൽകും. സാധാരണ ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദിലെ സബർമതി നദീതീരത്ത് നടന്ന 'പരിവർത്തൻ സങ്കൽപ് റാലി'യിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്റെ വാഗ്ദാനങ്ങൾ. ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്.
10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും 3,000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ തുറക്കുമെന്നും പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും രാഹുൽ ഉറപ്പ് നൽകി. ക്ഷീര കർഷകർക്ക് പാൽ ലിറ്ററിന് അഞ്ച് രൂപ സബ്‌സിഡി നൽകുമെന്നും രാഹുൽ വാഗ്ദാനം ചെയ്തു. ഗുജറാത്തിലെ തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ജനങ്ങൾക്കു മുന്നിൽ നിരവധി വാഗ്ദാനങ്ങൾ നൽകിയ രാഹുൽ ബി.ജെ.പിയെ കടന്നാക്രമിക്കാനും മറന്നില്ല. നിരവധി വാഗ്ദാനങ്ങൾ നിരത്തി ആംആദ്മി പാർട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.
ഇവിടെയുള്ള ബി.ജെ.പി സർക്കാർ മുൻനിര വ്യവസായികളുടെ വായ്പ എഴുതി തള്ളും. എന്നാൽ അവർ കർഷകരുടെ വായ്പ എഴുതി തള്ളിയത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കോൺഗ്രസ് ഗുജറാത്തിൽ അധികാരത്തിൽ വരുമെന്നത് തീർച്ചയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു വശത്ത് സർദാർ പട്ടേലിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ ബി.ജെ.പി നിർമ്മിച്ചു, മറുവശത്ത് അവർ സർദാർ പട്ടേലിനെ അപമാനിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. സർദാർ പട്ടേൽ ആർക്കുവേണ്ടി, എന്തിനു വേണ്ടിയാണ് പോരാടിയതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം ഗുജറാത്തിലെയും ഇന്ത്യയിലെയും കർഷകരുടെ ശബ്ദമായിരുന്നു. അദ്ദേഹം ശബ്ദിച്ചത് കർഷകർക്ക് വേണ്ടിയായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച രാഹുൽ കാർഷിക ബില്ലിനെയും പരാമർശിച്ചു. അത് കർഷകരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് രാഹുൽ ആരോപിച്ചു.
ഗുജറാത്തിൽ ബി.ജെ.പി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലും അദ്ദേഹം ഗുജറാത്ത് സർക്കാരിനെ കടന്നാക്രമിച്ചു. മൂന്ന്, നാല് വ്യവസായികളുടെ ഭരണമാണ് ഗുജറാത്ത് മോഡൽ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വ്യവസായികൾക്ക് രണ്ട് മിനിറ്റിനുള്ളിൽ സർക്കാർ ആവശ്യമുള്ളത്ര ഭൂമി നൽകും. എന്നാൽ പാവപ്പെട്ടവരും ആദിവാസികളും കൈ കൂപ്പി കുറച്ച് ഭൂമി ആവശ്യപ്പെടുമ്പോൾ അവർക്ക് അത് അനുവദിക്കപ്പെടുന്നില്ലെന്നും രാഹുൽ വിശദമാക്കി.
Adjust Story Font
16