Quantcast

കുട്ടികൾക്കായുള്ള പി.എം കെയേഴ്സ് പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകളിൽ 51 ശതമാനവും നിരസിച്ചു

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കാനാണ് പദ്ധതി ആരംഭിച്ചത്

MediaOne Logo

Web Desk

  • Published:

    16 July 2024 1:04 PM GMT

prime minister says that modi ka parivar should be removed from social media
X

പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടെ അനാഥരായ കുട്ടികൾക്കായി ആരംഭിച്ച പി.എം കെയേഴ്സ് പദ്ധതി ​പ്രകാരം ലഭിച്ച അപേക്ഷകളിൽ 51 ശതമാനവും നിരസിച്ചതായി റിപ്പോർട്ട്. കോവിഡ് കേസുകൾ ഏറ്റവും ഉയർന്നഘട്ടത്തിൽ 2021 മെയ് 29നാണ് ‘പി.എം കെയേഴ്സ് ഫോർ ചി​ൽഡ്രൻ സ്കീം’ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

2020 മാർച്ച് 11നും 2023 മെയ് അഞ്ചിനും ഇടയിൽ കോവിഡ് ബാധിച്ച് മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. അനാഥരായ കുട്ടികൾക്ക് 23 വയസ്സാകുന്നത് വരെയുള്ള സംരക്ഷണം, ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസം, സാമ്പത്തിക സഹായം എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

സഹായത്തിനായി 33 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 9331 അപേക്ഷകളാണ് ലഭിച്ചതെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 4532 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചതെന്ന് വനിതാ ശിശുവികസന മന്ത്രാലയ വകുപ്പിലെ ഉദ്യോഗസ്ഥൻ പി.ടി.ഐക്ക് നൽകിയ കണക്കിൽ പറയുന്നു. 4781 അപേക്ഷകൾ നിരസിച്ചു. 18 ​അപേക്ഷകൾക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് അപേക്ഷകൾ നിരസിച്ചതെന്ന വിവരം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവുമധികം അപേക്ഷ ലഭിച്ചത്. 1553, 1511, 1007 എന്നിങ്ങനെയാണ് യഥാക്രമം അപേക്ഷകളുടെ എണ്ണം. മഹാരാഷ്ട്രയിലെ 855ഉം രാജസ്ഥാനിലെ 210ഉം ഉത്തർ പ്രദേശിലെ 467ഉം അപേക്ഷകൾ അംഗീകരിച്ചു.

TAGS :

Next Story