ഭോപ്പാലില്‍ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നോവ കാർ; അകത്ത് 52 കിലോ സ്വർണവും 9.86 കോടി രൂപയും!
ഭോപ്പാലും ഇന്‍ഡോറും ഉള്‍പ്പെടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ വസതികളിലും ഓഫിസുകളിലും ഇഡി, ഐടി റെയ്ഡ് തുടരുന്നുണ്ട്
ഭോപ്പാൽ: മധ്യപ്രദേശിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ കോടികൾ വിലമതിക്കുന്ന സ്വർണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഭോപ്പാലിനടുത്തുള്ള വനപ്രദേശത്ത് കണ്ടെത്തിയ ഇന്നോവ കാറിൽനിന്ന് 52 കി.ഗ്രാം സ്വർണവും 9.86 കോടി രൂപയും പിടിച്ചെടുത്തത്. പൊലീസ് നൽകി വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം ഭോപ്പാലിനടുത്തുള്ള റാത്തിബാദിലെ മെൻഡോറിയിലാണു സംഭവം. ഇവിടെ വനമേഖലയിൽ ദുരൂഹസാഹചര്യത്തിൽ ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാർ ഏറെ മണിക്കൂറായി പാർക്ക് ചെയ്ത നിലയിൽ കാണുന്നുവെന്ന് അറിയിച്ച് റാത്തിബാദ് പൊലീസ് സ്റ്റേഷനിൽ ഒരു അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. വാഹനത്തിനകത്ത് ചില ബാഗുകളുമുണ്ടെന്നും അറിയിച്ചിരുന്നു. പിന്നാലെ നൂറോളം പേരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. ലോക്ക് ചെയ്ത കാറിനകത്ത് എട്ട് ബാഗുകളും പുറത്തുനിന്നു കാണാമായിരുന്നു.
ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഭയന്ന് ആരോ ഉപേക്ഷിച്ച സ്വത്തുക്കളാകാമെന്ന് തുടക്കത്തിൽ തന്നെ പൊലീസ് സംശയിച്ചതായി സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്നാണ് ഐടിയെ വിവരം അറിയിച്ചത്. ഐടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമാണ് കാർ തുറന്നു പരിശോധന നടത്തിയത്. ബാഗുകൾ തുറന്നുനോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണു കണ്ടത്. നിറയെ സ്വർണ ബിസ്‌കറ്റുകളും ആഭരണങ്ങളുമാണ് അകത്തുണ്ടായിരുന്നത്. ഇതിനു പുറമെ നോട്ടുകെട്ടുകളും.
വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ബാഗുകളിലെ സ്വർണത്തിന്റെയും പണത്തിന്റെയും സ്രോതസ് കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് ഐടി സംഘവും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഭോപ്പാലും ഇന്‍ഡോറും ഉള്‍പ്പെടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ വസതികളിലും ഓഫിസുകളിലും റെയ്ഡ് തുടരുന്നുണ്ട്. ഇഡി, ഐടി, ലോകായുക്ത സംഘങ്ങളുടെ നേതൃത്വത്തിലാണു പരിശോധന പുരോഗമിക്കുന്നത്. ആർടിഒ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമയുടെ വസതിയിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്ച 2.85 കോടി രൂപയും 60 കിലോ സ്വർണവും ലോകായുക്ത സംഘം പിടിച്ചെടുത്തിരുന്നു. ആഡംബര വാഹനങ്ങൾ ഉൾപ്പെടെ നാല് കാറുകളും പിടിച്ചെടുത്തു. ഇയാൾക്ക് കുഴൽപ്പണ റാക്കറ്റുമായി ബന്ധമുള്ളതായും സൂചനയുണ്ട്.
റാത്തിബാദിലെ സംഭവത്തിനും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
Summary: 52 kg gold, Rs 9.8 crore cash seized from Innova car abandoned in a forest near Bhopal
Adjust Story Font
16