മണിപ്പൂരിലെ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കാൻ 53 അംഗ സംഘത്തെ നിയോഗിച്ച് സി.ബി.ഐ
രണ്ട് വനിതാ ഡിഐജിമാർ ഉള്‍പ്പടെ 29 വനിതാ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും
ന്യൂഡല്‍ഹി: മണിപ്പൂരിലെ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥരടക്കം 53 പേരെ സിബിഐ നിയോഗിച്ചു.11 കേസുകളാണ് സി.ബി.ഐ അന്വേഷിക്കുക. മണിപ്പൂരിൽ പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എംഎൽഎമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകി.
രണ്ട് വനിതാ ഡിഐജിമാർ അടങ്ങുന്ന സംഘമാണ് മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുക.എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സംഘം ഇരകളുടെ മൊഴി ഉടൻ രേഖപ്പെടുത്തും. എത്രയും വേഗം കേസ് അന്വേഷണം പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശം. മണിപ്പൂരിൽ ക്യാമ്പ് ചെയ്ത് വിശദമായ അന്വേഷണമാണ് സി.ബി.ഐ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ മറ്റ് ആറ് അക്രമ കേസുകളും ആയുധങ്ങൾ കൊള്ളയടിച്ച കേസുകളും സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ഇതിനോടകം അന്വേഷണം ആരംഭിച്ചിരുന്നു. സുപ്രിംകോടതി നിയോഗിച്ച മൂന്ന് മുൻ വനിതാ ജഡ്ജിമാരുടെ പ്രത്യേക സമിതി പുനരധിവാസം, മനുഷ്യാവകാശം, ക്യാമ്പുകളിലെ സൗകര്യങ്ങൾ തുടങ്ങി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അതിനിടെയാണ് പ്രത്യേക ഭരണകൂടം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ വീണ്ടും പ്രധാനമന്ത്രിക്ക് നിവേദനം നൽകിയത് .
ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും തുല്യരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ആവശ്യം. എട്ട് ബി.ജെ.പി എംഎൽഎമാർ ഉൾപ്പെടുന്നവരാണ് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയതിൽ. ഇന്നലെ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങൾ പിടികൂടുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു.തെങ്‌നൗപാലിൽ ആറ് അനധികൃത ബങ്കറുകൾ സേന തകർത്തു
പ്രത്യേക ഓപ്പറേഷനുകളിലൂടെ കൊള്ളയടിച്ച് ആയുധങ്ങൾ തിരിച്ചുപിടിക്കാനും ശ്രമം തുടരുകയാണ്.അതിനിടെ 17 വയസുള്ള രണ്ട് മെയ്‌തേയ് പെൺകുട്ടികളെ കാണ്മാനില്ലെന്ന് മെയ്‌തേയ് സംഘടനകൾ പറഞ്ഞു. 40 ദിവസമായി പെൺകുട്ടികളെ കാണാൻ ഇല്ലെന്നും കുട്ടികളെ കുക്കികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് മെയ്‌തേയ്കൾ ആരോപിച്ചു.
Adjust Story Font
16