Quantcast

തമിഴ്നാട്ടില്‍ അബ്രാഹ്മണര്‍ക്കും പൂജാരിയാകാം; ഇതര ജാതികളിൽനിന്നുള്ള 58 പേർക്ക് നിയമനം നൽകി സ്റ്റാലിൻ

സംസ്‌കൃതത്തിനു പകരം തമിഴിൽ പൂജാ കർമങ്ങൾ നടത്തുമെന്ന പ്രഖ്യാപനത്തിനു പിറകെയാണ് തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിന്‍റെ വിപ്ലവകരമായ പുതിയ ചുവടുവയ്പ്പ്

MediaOne Logo

Web Desk

  • Updated:

    2021-08-15 12:16:44.0

Published:

15 Aug 2021 10:36 AM GMT

തമിഴ്നാട്ടില്‍ അബ്രാഹ്മണര്‍ക്കും പൂജാരിയാകാം; ഇതര ജാതികളിൽനിന്നുള്ള 58 പേർക്ക് നിയമനം നൽകി സ്റ്റാലിൻ
X

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കി തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിൻ ഭരണകൂടം. ക്ഷേത്ര പൂജാരിമാരാകാൻ ആഗ്രഹിക്കുന്ന എല്ലാ ജാതിക്കാർക്കും നിയമനം നൽകുമെന്ന പ്രഖ്യാപനം സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പാലിച്ചു. ബ്രാഹ്‌മണ ഇതര ജാതികളിൽനിന്നുള്ള 58 പേരെ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ച് ഉത്തരവായി. സംസ്‌കൃതത്തിനു പകരം തമിഴിൽ പൂജാ കർമങ്ങൾ നടത്തുമെന്ന പ്രഖ്യാപനത്തിനു പിറകെയാണ് ഡിഎംകെ സര്‍ക്കാരിന്‍റെ വിപ്ലവകരമായ പുതിയ ചുവടുവയ്പ്പ്.

തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിലേക്കാണ് പുതിയ നിയമനം. പൂജാരിമാർക്കു വേണ്ട വിദഗ്ധ പരിശീലനം നേടിയ ശേഷമാണ് ഇവരെ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയ ബ്രാഹ്‌മണേതര ജാതികളിൽനിന്നുള്ള 58 പേർക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമന ഉത്തരവ് കൈമാറി. പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 12 പേർ, പട്ടികജാതിയിൽനിന്ന് അഞ്ചുപേർ, അതീവ ദുര്‍ബല പിന്നാക്ക വിഭാഗക്കാരിൽനിന്ന് ആറുപേർ എന്നിങ്ങനെ നിയമനം ലഭിച്ചവരിൽ ഉൾപ്പെടും. 24 പേർ സർക്കാരിനു കീഴിലുള്ള പാഠശാലകളിൽനിന്നും 34 പേർ സ്വകാര്യ പാഠശാലകളിൽനിന്നുമാണ് പരിശീലനം നേടിയത്. ഇതോടൊപ്പം, ക്ഷേത്രങ്ങളിലെ മറ്റു ജോലികളിലേക്കായി 138 പേർക്കും നിയമനം നൽകിയിട്ടുണ്ട്.

നേരത്തെ, അന്തരിച്ച ഡിഎംകെ ആചാര്യൻ കെ കരുണാനിധിയായിരുന്നു മുഴുവൻ ജാതികളിൽനിന്നും യോഗ്യരായവരെ ക്ഷേത്ര പൂജാരിമാരാക്കാനുള്ള വിപ്ലവകരമായ തീരുമാനം ആദ്യമായി കൈക്കൊണ്ടത്. 2006ൽ നിയമം തമിഴ്നാട് നിയമസഭ പാസാക്കിയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിനെതിരെ നിയമക്കുരുക്കുകൾ നീണ്ടതിനാല്‍ നിയമനവും നീണ്ടു.

കരുണാനിധി സർക്കാരിന്റെ നിയമഭേദഗതിക്ക് 2015ൽ കോടതി സമ്പൂർണ അംഗീകാരം നൽകിയതോടെ നിയമപ്രശ്‌നങ്ങൾ തീർന്നെങ്കിലും ഇതുവരെ ആകെ രണ്ടുപേർക്ക് മാത്രമാണ് ഇതരജാതികളിൽനിന്ന് പൂജാരിമാരായി നിയമനം ലഭിച്ചത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നോട്ടുവച്ച വിപ്ലവകരവും ജനക്ഷേമപരവുമായ നിരവധി വാഗ്ദാനങ്ങളിൽ സുപ്രധാനമായിരുന്നു ബ്രാഹ്‌മണേതര ജാതികളിൽനിന്നുള്ള പൂജാരിമാരെന്നത്. പെരിയാറിന്‍റെയും കരുണാനിധിയുടെയും സ്വപ്നങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് പുതിയ നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറിയ ശേഷം സ്റ്റാലിന്‍ പ്രതികരിച്ചു.

സംസ്‌കൃതത്തിനു പകരം തമിഴിൽ പൂജാ കർമങ്ങൾ നടത്തുമെന്ന് ദിവസങ്ങൾക്കുമുൻപ് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിറകെ സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ തമിഴിൽ പൂജാകർമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി നിയമനം ലഭിച്ച പൂജാരിമാർക്ക് തമിഴിൽ പൂജ നടത്താനുള്ള പരിശീലനവും ലഭിച്ചിട്ടുണ്ട്.

TAGS :

Next Story