പിരിഞ്ഞിട്ടും വഴക്ക് തീരുന്നില്ല; 60 കേസുകളുമായി ദമ്പതികള്‍ കോടതിയില്‍; ഒടുവില്‍ സുപ്രീംകോടതി പറഞ്ഞത്...
കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ 60 കേസുകളാണ് ദമ്പതികള്‍ കോടതിയില്‍ ഫയല്‍ ചെയ്തത്
ഡല്‍ഹി: വിവാഹജീവിതത്തിനിടയില്‍ തര്‍ക്കങ്ങളുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ വിവാഹമോചനം നേടി രണ്ടുപേരും രണ്ടു വഴിക്കായിട്ടും തര്‍ക്കം തീരുന്നില്ലെങ്കില്‍ എന്താണ് പറയുക. പരസ്പരം കേസുകള്‍ കൊടുത്തു മത്സരിക്കുകയാണ് രണ്ടുപേര്‍. കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ 60 കേസുകളാണ് ദമ്പതികള്‍ കോടതിയില്‍ ഫയല്‍ ചെയ്തത്.
41 വര്‍ഷമായി ഇവര്‍ പരസ്പരം തര്‍ക്കത്തിലാണ്. ഒരുമിച്ച ജീവിച്ച 30 വര്‍ഷത്തിനിടയിലും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമുള്ള 11 വര്‍ഷത്തിനിടയിലുമായാണ് ഇവര്‍ പരസ്പരം ഇത്രയധികം കേസുകളുമായി കോടതിയെ സമീപിച്ചത്. ഈ കണക്കുകള്‍ കണ്ട് കോടതി ഞെട്ടി. ''ചിലര്‍ പരസ്പരമുള്ള വഴക്ക് ഇഷ്ടപ്പെടുന്നു. അവര്‍ എക്കാലത്തും കോടതിയില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. കോടതി കണ്ടില്ലെങ്കില്‍ അവര്‍ക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണ്'' ചീഫ് ജസ്റ്റിസ് എന്‍. വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയിലൂടെ തര്‍ക്കത്തിന് രമ്യമായ പരിഹാരം കാണൂവെന്ന് ദമ്പതികളുടെ അഭിഭാഷകരോട് കോടതി നിര്‍ദേശിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും ഇക്കാലയളവില്‍ ഇരുകക്ഷികളും കേസുകളുമായി കോടതിയിലേക്ക് വരരുതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ദമ്പതികള്‍ ആരെന്നോ ഇവരുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല.
Adjust Story Font
16