അപകടത്തില്‍പ്പെട്ടത് ഇന്ത്യയുടെ സുപ്രധാന പ്രതിരോധ കോപ്റ്റര്‍; ലോകരാജ്യങ്ങള്‍ ആശങ്കയില്‍
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ എം ഐ 17 ഉപയോഗിക്കുന്ന അറുപതിലധികം രാജ്യങ്ങൾ ആശങ്കയിലാണ്.
പ്രതിരോധ രംഗത്ത് മുൻപനായ റഷ്യയുടെ എംഐ 17 വി 5 അപകടത്തിൽപ്പെട്ടതിന്‍റെ ഞെട്ടലിലാണ് ലോകരാജ്യങ്ങൾ. ഏത് കാലാവസ്ഥയെയും അതിജീവിക്കാൻ നിർമിച്ച ഈ പവർപാക്ക്ഡ് കോപ്റ്റർ യുദ്ധത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കരുത്തായിരുന്നു.
സായുധ ആക്രമണ ശേഷിയിൽ മുൻപനായ എം ഐ 17 വി 5 റഷ്യൻ നിർമിത സൈനിക ഹെലികോപ്റ്ററാണ്. മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്റിൽ രൂപകൽപ്പന ചെയ്ത കോപ്റ്റർ കസാൻ ഹെലികോപ്റ്റേഴ്സ് എന്ന കമ്പനിയാണ് നിർമിച്ചത്.
2008ൽ ഇന്ത്യ എംഐ 17 വി 5 ഹെലികോപ്റ്ററിനായി റഷ്യയുമായി കരാറൊപ്പിടുന്നു. തുടർന്ന് 2012 ഫെബ്രുവരി 17ന് കോപ്റ്റർ ഇന്ത്യ ആദ്യമായി വാങ്ങി. രണ്ട് എൻജിനുള്ള ടർബൈൻ ട്രാൻസ്പോർട് കോപ്റ്റർ എല്ലാ കാലാവസ്ഥയെയും അതിജീവിക്കും. മണിക്കൂറിൽ ഏറ്റവും വേഗത 250 കിലോമീറ്റർ. ഓട്ടോ പൈലറ്റ് സംവിധാനം. രാത്രിയിലും പറക്കാം. 13000 കിലോ വഹിക്കാനും 36 സൈനികരെ കൊണ്ടുപോകാനുമുള്ള ശേഷി. ക്യാബിന് അകത്തും പുറത്തും ചരക്ക് കൊണ്ടുപോകാനാകും. ഇരുന്നൂറോളം ഹെലികോപ്റ്ററാണ് നിലവിൽ വ്യോമസേനയിൽ ഉപയോഗിക്കുന്നത്. അറുപതോളം രാജ്യങ്ങളും എം ഐ 17 വി 5 ഉപയോക്താക്കളാണ്.
1999ൽ കാർഗിൽ യുദ്ധമുഖത്ത്, 2008ലെ മുംബൈ അറ്റാക്കിൽ, 2016ലെ സർജിക്കൽ സ്ട്രൈക്കിൽ തുടങ്ങി ഇന്ത്യയുടെ പല ഘട്ടങ്ങളിലും എം ഐ 17 ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ കോപ്റ്റർ അപകടത്തിൽപ്പെടുമ്പോൾ എം ഐ 17 ഉപയോഗിക്കുന്ന അറുപതിലധികം രാജ്യങ്ങൾ ആശങ്കയിലാണ്.
Adjust Story Font
16