Quantcast

2023ൽ ക്രൈസ്തവർക്കെതിരെ 687 ആക്രമണങ്ങൾ; ഏറെയും ബിജെപി സർക്കാരുള്ളിടങ്ങളിലെ മതപരിവർത്തന വിരുദ്ധ അക്രമങ്ങളെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ റിപ്പോർട്ട്

തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് സാന്നിധ്യമുള്ള പലയിടങ്ങളിലും സർക്കാർ സംവിധാനങ്ങൾ പോലും പ്രകടമായ ക്രൈസ്തവ വിരുദ്ധതയ്ക്ക് ദുരുപയോഗിക്കപ്പെടുന്നതായും സമിതിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

MediaOne Logo

Web Desk

  • Updated:

    2024-05-14 10:23:50.0

Published:

14 May 2024 10:07 AM GMT

2023ൽ ക്രൈസ്തവർക്കെതിരെ 687 ആക്രമണങ്ങൾ; ഏറെയും ബിജെപി സർക്കാരുള്ളിടങ്ങളിലെ മതപരിവർത്തന വിരുദ്ധ അക്രമങ്ങളെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ റിപ്പോർട്ട്
X

ഇന്ത്യയിൽ ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും കഴിഞ്ഞവർഷം മാത്രം റിപ്പോർട്ട് ചെയ്തത് 687 ആക്രമണങ്ങളാണെന്നും കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ജാഗ്രതാ കമ്മീഷൻ നിയമിച്ച വിശകലന സമിതിയുടെ പഠന റിപ്പോർട്ട്. ഇതിൽ ഏറെയും മതപരിവർത്തനം സംബന്ധിച്ച വ്യാജ ആരോപണങ്ങളെ തുടർന്നുള്ള അക്രമസംഭവങ്ങളാണെന്നും 2023ലെ പഠന റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് വ്യാപകമായി മതപരിവർത്തന നിരോധന നിയമങ്ങൾ മറയാക്കപ്പെടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 14 വരെയുള്ള 334 ദിവസങ്ങളിലാണ് ഇത്രയും ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണെന്നും (287) തൊട്ടുപിന്നിൽ ഛത്തീസ്​ഗഢും (148) ജാർഖണ്ഡും (49) ആണെന്നും റിപ്പോർട്ട് പറയുന്നു. ഈ സംസ്ഥാനങ്ങളെല്ലാം മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കപ്പെട്ടിട്ടിട്ടുള്ളവയാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്ന സംഭവങ്ങൾ ഇതിനേക്കാളേറെയായിരിക്കും. റിപ്പോർട്ടിൽ മണിപ്പൂരിലെ ക്രൈസ്തവ വേട്ടയുടെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഹെൽപ് ലൈൻ നമ്പർ വഴി വിവരം ലഭിക്കുന്ന സംഭവങ്ങളാണ് മുഖ്യമായും സമിതി അന്വേഷണ വിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്തത്.

പലയിടങ്ങളിലും അതിന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നത് പതിവാകുമ്പോഴും അതാതു സംസ്ഥാനങ്ങളിലെ സർക്കാരുകൾ ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ആഴ്ചകൾക്ക് മുമ്പ് അസമിൽ വച്ച്, ബസിൽ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയെ ഡ്രൈവറും കണ്ടക്ടറും സഹയാത്രികരും ചേർന്ന് അപമാനിക്കുകയും വിജനമായ സ്ഥലത്ത് നിർബന്ധിച്ച് ഇറക്കിവിടുകയും ചെയ്തെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2021 മാർച്ചിൽ, ദീർഘദൂര ട്രെയിൻ യാത്രികരായിരുന്ന കന്യാസ്ത്രീകൾ ഉത്തർപ്രദേശിൽ വച്ച് ആക്രമിക്കപ്പെടുകയും ട്രെയിനിൽ നിന്ന് ബലമായി പിടിച്ചിറക്കി മതപരിവർത്തന നിരോധന നിയമം ചുമത്തി ജയിലിലടയ്ക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവവും വിവാദമായിരുന്നു.

മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം ഒരു കുറ്റകൃത്യം അഥവാ ആരോപണം നിയമപരമായി ഉന്നയിക്കാൻ കഴിയുന്നത് ഇരയായ വ്യക്തിക്കോ അയാളുടെ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ആണെങ്കിൽ, സമീപകാലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ബഹുഭൂരിപക്ഷത്തിനും പിന്നിൽ പ്രാദേശിക ഹിന്ദുത്വ സംഘടനാ പ്രവർത്തകരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യാജ ആരോപണങ്ങളാണ് കേസുകളിലേക്ക് എത്തുന്നത്. നിരപരാധികളാണ് ജയിലിൽ അടയ്ക്കപ്പെടുന്നത്.

വർഷങ്ങളായി മാതൃകാപരമായി നടന്നുവരുന്ന ഒട്ടേറെ സ്ഥാപനങ്ങൾ ആശങ്കകളുടെ നിഴലിൽ അകപ്പെട്ടിരിക്കുന്നു. ബൈബിളോ പ്രാർഥനാ പുസ്തകങ്ങളോ എവിടെ നിന്നെങ്കിലും കണ്ടെത്തുന്നത് പോലും മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്താനും വൈദികരെയും സന്യസ്തരെയും അറസ്റ്റ് ചെയ്യാനും കാരണമായി മാറിയ സംഭവങ്ങൾ ഒട്ടേറെയുണ്ട്. അനീതി നിറഞ്ഞതും നിയമവിരുദ്ധവുമായ ഇത്തരം ഇടപെടലുകൾ ഭരണകൂടങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. നിർബന്ധിത മതപരിവർത്തനം തടയുക എന്നതാണ് ഇത്തരം നിയമങ്ങളുടെ ലക്ഷ്യമായി പറയുന്നതെങ്കിലും ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യൻ മിഷണറിമാരെയാണ് ഇത്തരം നിയമം ലക്ഷ്യമിടുന്നത് എന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്.

ഒരാൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിനോ നിർബന്ധിതമായി 'ഘർവാപ്പസി' എന്ന പേരിൽ മതപരിവർത്തനം നടത്തുന്നതിനോ ഈ നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല എന്നത് വിചിത്രമാണ്. പലയിടങ്ങളിലും തലമുറകളായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പലരും ഒറ്റയ്ക്കും കൂട്ടത്തോടെയും തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ നിർബന്ധമായി മതപരിവർത്തനം ചെയ്യപ്പെടുന്നത് ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നില്ല അഥവാ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല എന്ന വാസ്തവത്തിൽ നിന്നാണ് ഇത്തരം നിയമങ്ങൾക്ക് പിന്നിലെ കുടിലതയും കപടതയും നാം തിരിച്ചറിയേണ്ടത്- റിപ്പോർട്ട് പറയുന്നു.

ഏറ്റവും കർശന വ്യവസ്ഥകളോടെ മതപരിവർത്തന നിയമങ്ങൾ പ്രാബല്യത്തിലുള്ള സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശും മധ്യപ്രദേശും. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഏറെ പിന്നിലല്ല. വിവിധ സംസ്ഥാനങ്ങളിൽ നിസ്വാർഥ സേവനം ചെയ്ത് ജീവിക്കുന്ന എണ്ണമറ്റ കത്തോലിക്കാ സന്യസ്തരും വൈദികരും എപ്പോൾ വേണമെങ്കിലും മതപരിവർത്തനനിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്നോ മതപരിവർത്തനം ആരോപിക്കപ്പെട്ട് ആക്രമിക്കപ്പെടുമെന്നോ ഉള്ള ഭീതിയിലാണ് ജീവിക്കുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്​ഗഢ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇതിനകം ഒട്ടേറെ അക്രമസംഭവങ്ങളാണ് മതപരിവർത്തന ആരോപണങ്ങളെ തുടർന്ന് ഉണ്ടായിട്ടുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് സാന്നിധ്യമുള്ള പലയിടങ്ങളിലും സർക്കാർ സംവിധാനങ്ങൾ പോലും പ്രകടമായ ക്രൈസ്തവ വിരുദ്ധതയ്ക്ക് ദുരുപയോഗിക്കപ്പെടുന്നതായും സമിതിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.



TAGS :

Next Story