ക്ഷേത്രത്തിലെ ഷെഡിന് മുകളിലേക്ക് മരം വീണ് ഏഴുപേർ മരിച്ചു; 40 ഓളം പേർക്ക് പരിക്ക്
രാത്രി 7 മണിയോടെ ക്ഷേത്രത്തിന് മുന്നിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് സംഭവം
അകോല: മഹാരാഷ്ട്രയിലെ അകോലയിൽ ക്ഷേത്രത്തിന് മുന്നിലെ ഷെഡിന് മുകളിലേക്ക് മരം കടപുഴകി വീണ് ഏഴ് പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി 7 മണിയോടെ ക്ഷേത്രത്തിന് മുന്നിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് സംഭവം. കനത്ത മഴയിലും ശക്തമായ കാറ്റിലും വേപ്പ് മരം തകരകൊണ്ടുണ്ടാക്കിയ ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു. ആ സമയം ഷെഡിന് കീഴെ 40 ഓളം പേർ ഉണ്ടായിരുന്നു. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബാക്കിയുള്ളവർ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. ബാക്കിയുള്ളവർ അകോള മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.
സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം രേഖപ്പെടുത്തി. സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 'അകോല ജില്ലയിലെ പരാസിൽ മതപരമായ ചടങ്ങിനിടെ തകരപ്പുരയിൽ മരംവീണ് ചില ഭക്തർ മരിച്ചുവെന്ന വാർത്ത വേദനാജനകമാണ്. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കലക്ടറും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരിൽ ചിലരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും നിസാര പരിക്കേറ്റവർ ബാലാപൂരിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തീരുമാനിച്ചു.
Adjust Story Font
16