മണിപ്പൂരിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണം: കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്
ആയുധങ്ങളുമായി റോന്ത് ചുറ്റുന്ന മെയ്തെയ് സംഘത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു
ഇംഫാൽ: മണിപ്പൂരിലെ പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്. കഴിഞ്ഞ ദിവസം മെയ്തെയിലെ മുസ്‍ലിം വിഭാഗമായ പംഗലുകളിൽപ്പെട്ടവർക്ക് നേരെ ഒരു വിഭാഗം നടത്തിയ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പ്രദേശത്ത് പൊലീസ് റോന്ത്ചുറ്റുന്നതിനിടയിലാണ് വാഹനത്തിന് നേരെ ഇന്ന് പുലർച്ചെ റോക്കറ്റ് ലോഞ്ചറുപയോഗിച്ച് ആക്രമണം ഉണ്ടായത്. ഏഴ് പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
‘ആക്രമികൾക്കായി തെരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.മ്യാൻമർ വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടലുകളെക്കുറിച്ച് സംശയമുണ്ട്.ഭീഷണിക്കും സമ്മർദ്ദത്തിനും സർക്കാർ വഴങ്ങില്ലെന്നും’ മുഖ്യമന്ത്രി എൻ ബിരേൻ സിങ് വ്യക്തമാക്കി.ഇംഫാലിൽ ആയുധങ്ങളുമായി റോന്ത് ചുറ്റുന്ന മെയ്തെയ് സംഘത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ലിലോങ് ചിങ്ജാവോ പ്രദേശത്താണ് മുഖംമൂടി ധരിച്ച അജ്ഞാതരാണ് നാട്ടുകാർക്കെതിരെ വെടിയുതിർത്തത്.മണിപ്പൂർ സംഘർഷത്തിൽ പങ്കാളികളല്ലാത്ത മെയ്തെയ് പംഗൽ വിഭാഗത്തിന് നേരെ ഇതാദ്യമായാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി എൻ. ബൈരൻ സിങ് പ്രദേശവാസികളോട് വിഡിയോ സന്ദേശത്തിലൂടെ സമാധാനത്തിന് ആഹ്വാനം ചെയ്തു. ആക്രമണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മേയ് മൂന്നിന് വംശീയ കലാപം ആരംഭിച്ചതിനുശേഷം 180ലധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
Adjust Story Font
16