ഹിജാബിട്ട വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി; ഏഴ് അധ്യാപകർക്ക് സസ്‌പെൻഷൻ
ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ ആയിരക്കണക്കിന് മുസ്‌ലിം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നില്ലെന്നാണ് റിപ്പോർട്ട്
ബംഗളൂരു: ഗദാഗ് ജില്ലയിൽ വിദ്യാർത്ഥികളെ ഹിജാബിട്ട് എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകർക്ക് സസ്പൻഷൻ. സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയാണ് അധികൃതകർ സസ്‌പെൻഡ് ചെയ്തത്. രണ്ട് സൂപ്രണ്ടുമാർക്കും സസ്‌പെൻഷനുണ്ട്.
സ്‌കൂളുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർത്ഥികൽ നൽകിയ ഹർജി മാർച്ച് 15നാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ അനിവാര്യ മതാചാരമല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി. ഹിജാബ് നിയന്ത്രണം യുക്തിപരമാണ് എന്നും വിദ്യാർത്ഥികൾ അതിനെ എതിർക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ ആയിരക്കണക്കിന് മുസ്‌ലിം വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നില്ലെന്നാണ് റിപ്പോർട്ട്. ശിരോവസ്ത്രം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ അതഴിപ്പിച്ച് പരീക്ഷക്കിരുത്തുന്ന സാഹചര്യവുമുണ്ട്. ചില സ്വകാര്യ സ്കൂളുകളില്‍ ഹിജാബിട്ട് പരീക്ഷയെഴുതാന്‍ അനുവദിക്കുന്നുണ്ട്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പരീക്ഷ പരിഗണിച്ച് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. പരീക്ഷയും ഹിജാബും തമ്മില്‍ നേരിട്ട് എന്താണ് ബന്ധമെന്നാണ് കോടതി ചോദിച്ചിരുന്നത്.
Adjust Story Font
16