യു.പിയിൽ വിവാഹ വിരുന്നിൽ ഭക്ഷ്യവിഷബാധ: രസഗുള കഴിച്ച കുട്ടികളടക്കം 70ഓളം പേർ ആശുപത്രിയിൽ
രസഗുള കഴിച്ചതിന് ശേഷം പലർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി അധികൃതർ പറയുന്നു.
കനൗജ്: ഉത്തർപ്രദേശിലെ കനൗജിൽ വിവാഹവിരുന്നിൽ ഭക്ഷ്യവിഷബാധ. നിരവധി കുട്ടികളടക്കം 70ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനെത്തിയ ആളുകളാണ് ആശുപത്രിയിലായതെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗരിമ സിങ് പറഞ്ഞു.
ഭക്ഷണം കഴിച്ച 200ഓളം ആളുകളിൽ 70ഓളം പേർക്ക് അവിടെ വിളമ്പിയ രസഗുള കഴിച്ചതിന് ശേഷം ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതായി അവർ കൂട്ടിച്ചേർത്തു.
ഇതിൽ നാലു കുട്ടികളേയും മൂന്ന് മുതിർന്നവരേയും നില വഷളായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഗരിമ സിങ് കൂട്ടിച്ചേർത്തു.
അതേസമയം, ജില്ലാ ആശുപത്രിയിലെ എല്ലാ രോഗികളുടെയും നില തൃപ്തികരമാണെന്നും ചിലരെ സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോയതായും ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ശക്തി ബസു പറഞ്ഞു.
വിരുന്നിൽ പങ്കെടുത്ത മിക്കവാറും പേർ രസഗുള കഴിച്ചിരുന്നുവെന്നും തുടർന്ന് പലർക്കും അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നെന്നും ഗ്രാമവാസിയായ മുന്ന പറഞ്ഞു.
Adjust Story Font
16