എഞ്ചിൻ കവർ ഇല്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയർന്നു;സുരക്ഷാവീഴ്ച
അലയൻസ് എയർ എടിആർ 72-600 വിമാനം ഗുജറാത്തിലെ ബുജിൽ സുരക്ഷിതമായി പറന്നിറങ്ങി
എഞ്ചിൻ കവർ ഇല്ലാതെ 70 യാത്രക്കാരുമായി വിമാനം പറന്നുയർന്നു.വിമാനം പറന്നുയരുന്ന സമയത്ത് റൺവേയിലാണ് എഞ്ചിൻ കവർ വീണത്. മുംബൈയിൽ ഇന്ന് രാവിലെയാണ് സംഭവം. ഗുജറാത്തിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എഞ്ചിൻ കവർ ഇല്ലാതെ പറന്നത്. അലയൻസ് എയർ എടിആർ 72-600 വിമാനം ഗുജറാത്തിലെ ബുജിൽ സുരക്ഷിതമായി പറന്നിറങ്ങി. അതേസമയം, സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു.
മുംബൈ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിനിടെ എഞ്ചിൻ കവർ വീണതാകാമെന്നാണ് അധികൃതർ പറയുന്നത്. വിമാനത്തിന്റെ ടേക്ക് ഓഫ് നിരീക്ഷിച്ച് കൊണ്ടിരുന്ന എയർ ട്രാഫിക് കൺട്രോളർ വിമാനത്തിൽ നിന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് റൺവേയിൽ എൻജിൻ കവർ കണ്ടെത്തിയത്.
സാധാരണനിലയിൽ എഞ്ചിൻ കവർ നഷ്ടപ്പെടുന്നത് അപകടങ്ങൾക്ക് കാരണമാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വിമാനത്തിന്റെ പ്രവർത്തനത്തെ നേരിയ തോതിലെങ്കിലും ബാധിക്കാൻ സാധ്യതയുണ്ട്. യഥാസമയം അറ്റകുറ്റപ്പണി ചെയ്യുന്നതിലെ വീഴ്ചയാണ് ഇതിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16