സഹപാഠിയുമായി തർക്കം; ഡൽഹിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്നു
ഷകർപൂരിലെ രാജകീയ സർവോദയ ബാലവിദ്യാലയയിലെ വിദ്യാർഥിയായ ഇഷു ഗുപ്തയാണ് കൊല്ലപ്പെട്ടത്
ന്യൂഡൽഹി: സഹപാഠിയുമായുള്ള തർക്കത്തിന് പിന്നാലെ ഡൽഹിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്നു. ഷകർപൂരിലെ രാജകീയ സർവോദയ ബാലവിദ്യാലയയിലെ വിദ്യാർഥിയായ ഇഷു ഗുപ്തയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. സ്‌കൂളിലെ എക്‌സ്ട്രാ ക്ലാസിനിടെ സഹപാഠിയായ കൃഷ്ണയും ഇഷുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഒരുസംഘം ആളുകളുമായെത്തിയ കൃഷ്ണ ഇഷുവിനെ ആക്രമിക്കുകയായിരുന്നു.
അക്രമികളിലൊരാൾ ഇഷുവിന്റെ തുടയിൽ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചു. സ്‌കൂൾ ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ഇതിൽ അഞ്ചുപേർ പ്രായപൂർത്തി ആകാത്തവരാണ്. മറ്റു രണ്ടുപേർ 19ഉം 13ഉം വയസ്സ് പ്രായമുള്ളവരാണ്.
കഴിഞ്ഞയാഴ്ച ഫരീദാബാദിൽ സമാനമായ മറ്റൊരു സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥി കുത്തേറ്റു മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർക്കറ്റിലെത്തിയ വിദ്യാർഥിയെ കുറുവടി ഉപയോഗിച്ച് മർദിക്കുകയും പിന്നാലെ കുത്തുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Adjust Story Font
16