Quantcast

മതചടങ്ങിനിടെ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം

ക്ഷേത്രത്തിൻ്റെ മതിലിന് 50 വർഷം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-08-04 07:44:49.0

Published:

4 Aug 2024 7:27 AM GMT

8 children killed in Temple wall collapses in Madhya Pradesh
X

ഭോപ്പാൽ: ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ മതിലിടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലെ ഷാഹ്പൂരിലെ ഹർദയാൽ ബാബ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലു പേരുടെ നില ​ഗുരുതരമാണ്.

സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. മണ്ണുമാന്തി യന്ത്രം എത്തിച്ച് തകർന്ന ഭിത്തിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്താണ് മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റ കുട്ടികളെയും പുറത്തെത്തിച്ചത്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സാഗർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് ക്ഷേത്രമതിൽ ഇടിഞ്ഞുവീണത്. ഹർദയാൽ ക്ഷേത്രത്തിൻ്റെ മതിലിന് 50 വർഷം പഴക്കമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവസമയത്ത് സാവൻ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ മൺ ശിവലിംഗങ്ങൾ നിർമിക്കുകയായിരുന്നു.

അവധി ദിവസമായ ഞായറാഴ്ച സ്കൂളുകൾക്ക് അവധിയായതിനാൽ പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തിരുന്നു. കുട്ടികളുടെ മരണവാർത്തയിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഇരകളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അറിയിച്ചു.

സംസ്ഥാനത്തെ രേവ ജില്ലയിലെ സ്കൂളിന് സമീപത്തെ പഴയ വീടിന്റെ മതിലിടിഞ്ഞുവീണ് നാല് കുട്ടികൾ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ക്ഷേത്രത്തിലുണ്ടായ ദുരന്തം. രേവയിലെ ​ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൺ റൈസ് പബ്ലിക് സ്കൂളിനു സമീപം ശനിയാഴ്ചയാണ് അപകടമുണ്ടായത്. അൻഷിക ​ഗുപ്ത (5), മന്യ ​ഗുപ്ത (7), സിദ്ധാർഥ് ​ഗുപ്ത (5), അനുജ് പ്രജാപതി (6) എന്നിവരാണ് മരിച്ചത്.

കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ നിന്ന് 20 മീറ്റർ അകലെയാണ് ഉപേക്ഷിക്കപ്പെട്ട വീടുള്ളത്. സ്‌കൂൾ വിട്ട് വിദ്യാർഥികൾ വീടുകളിലേക്ക് പോവുകയായിരുന്നു. പഴയ വീടിനു കുറുകെ കടക്കുമ്പോൾ പിന്നിലെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. അഞ്ചിനും ഏഴിനും ഇടയിൽ പ്രായമുള്ള എട്ട് വിദ്യാർഥികൾക്കും ഒരു വനിതാ അധ്യാപികയ്ക്കും മുകളിലേക്കാണ് മതിലിടിഞ്ഞുവീണത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തിൽ വീടിൻ്റെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിൽ കനത്ത മഴ തുടരുന്നതിനാൽ മതിൽ തകരുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ വർഷം സംസ്ഥാനത്ത് മഴക്കെടുതിയിൽ 200 പേരാണ് മരിച്ചത്. 206 വീടുകൾ പൂർണമായും 2403 വീടുകൾ ഭാഗികമായും തകർന്നു.

TAGS :

Next Story