Quantcast

കസ്റ്റഡി മരണങ്ങളിൽ മുന്നിൽ ​ഗുജറാത്ത്; അറസ്റ്റിലായത് 200ലേറെ പൊലീസുകാർ

2015- 20 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളിൽ 53 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-08-30 10:32:50.0

Published:

30 Aug 2022 10:31 AM GMT

കസ്റ്റഡി മരണങ്ങളിൽ മുന്നിൽ ​ഗുജറാത്ത്; അറസ്റ്റിലായത് 200ലേറെ പൊലീസുകാർ
X

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം കസ്റ്റഡി മരണങ്ങളിൽ മുന്നിൽ ബിജെപി ഭരിക്കുന്ന ​ഗുജറാത്തെന്ന് കണക്കുകൾ. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2021ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 88 കസ്റ്റഡി മരണങ്ങളാണ്.

ഇതിൽ 23 പേരും മരിച്ചത് ​ഗുജറാത്തിലാണ്. 2015- 20 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങളിൽ 53 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 23ൽ 22 പേരും റിമാൻഡിൽ അല്ലാത്ത കാലാവധിയിലാണ് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി മരണപ്പെട്ടത്.

ഇവരിൽ തന്നെ ഒമ്പതു പേർ പൊലീസിന്റെ ക്രൂരമർദനത്തിനു പിന്നാലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയവരും ഒമ്പതു പേർ മർദനത്തെ തുടർന്ന് രോ​ഗാതുരരായി ആശുപത്രിയിൽ മരണപ്പെടുകയും ചെയ്തവരാണ്. രണ്ടു പേർ പൊലീസ് പീഡനത്തിൽ ​ഗുരുതരമായ പരിക്കിനെ തുടർന്നും മരണപ്പെട്ടു.

2021ലെ കസ്റ്റഡി മരണങ്ങളിൽ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്- 21 പേർ. മധ്യപ്രദേശ് (7), ആന്ധ്രാപ്രദേശ് (6), ഹരിയാന (5) എന്നിങ്ങനെയാണ് തൊട്ടുതാഴെ വരുന്ന സംസ്ഥാനങ്ങൾ. മർദനത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നങ്ങളും അസുഖങ്ങളും മൂലമുള്ള മരണമാണ് 2021ലെ കസ്റ്റഡി മരണങ്ങളുടെ പ്രധാന കാരണം.

ഡൽഹിയുൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇക്കാലയളവിൽ ഒരു കസ്റ്റഡി മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻ.സി.ആർ.ബി കണക്കുകൾ പറയുന്നു.

കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കാലയളവിൽ രാജ്യത്തൊട്ടാകെ മരിച്ചത് 38 പേരാണ്. 31 പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ് പേരാണ് ​ഗുരുതര പരിക്കിനെ തുടർന്ന് മരിച്ചവർ.

അതേസമയം, കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ​ഗുജറാത്തിൽ 203 പൊലീസുകാരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിൽ 244 പൊലീസുകാരും അറസ്റ്റിലായി. 2020ൽ 76 കസ്റ്റഡി മരണങ്ങളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തത്. അതിൽ നിന്നും 13.6 ശതമാനത്തിന്റെ വർധനവാണ് കഴി‍ഞ്ഞവർഷം ഉണ്ടായത്.

TAGS :

Next Story