സുപ്രീംകോടതിക്ക് പുതിയ 9 ജഡ്ജിമാർ; കേന്ദ്രം കൈമാറിയ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു
മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പെടെയുള്ള പട്ടികയാണ് രാഷ്ട്രപതി അംഗീകരിച്ചത്.
സുപ്രീംകോടതി ജഡ്ജിമാരായി ഒന്‍പതു പേര്‍ സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു. മൂന്ന് വനിതാ ജഡ്ജിമാർ ഉൾപ്പെടെയുള്ള പട്ടികയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചത്.
സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തതും കേന്ദ്ര സർക്കാർ അംഗീകരിച്ചതുമായ 9 പേരുടെ പട്ടികയാണ് രാഷ്ട്രപതി അംഗീകരിച്ചത്. ആഗസ്ത് 31ന് ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യും.
പട്ടികയിലുള്ള കർണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്ന ഭാവിയില്‍ ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും. രാജ്യത്ത് ആദ്യമായാണ് വനിത ചീഫ് ജസ്റ്റിസാവാന്‍ പോകുന്നത്. പട്ടികയിലുള്ള പി എസ് നരസിംഹ അഭിഭാഷകനില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജസ്റ്റിസാവുന്ന മൂന്നാമത്തെ വ്യക്തിയാണ്. സുപ്രീംകോടതി ബെഞ്ചിലേക്ക് നേരിട്ട് ഉയർത്തപ്പെട്ട ആദ്യത്തെ അഭിഭാഷകന്‍ ജസ്റ്റിസ് എസ് എം സിക്രിയാണ്. 1964 മാർച്ചിലായിരുന്നു ഇത്. 1971ൽ അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി. ജസ്റ്റിസ് യു യു ലളിത് ആണ് രണ്ടാമത്തെയാള്‍. അടുത്ത വർഷം ആഗസ്തില്‍ എൻ വി രമണ വിരമിച്ചതിന് ശേഷം അദ്ദേഹം ചീഫ് ജസ്റ്റിസാകും. 34 ജഡ്ജിമാര്‍ വരെ ആകാമെന്നിരിക്കെ സുപ്രീംകോടതിയില്‍ നിലവില്‍ 25 ജഡ്ജിമാര്‍ മാത്രമാണുള്ളത്.
ഇവരാണ് ആ 9 ജഡ്ജിമാര്‍
കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ഓക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, തെലങ്കാന ചീഫ് ജസ്റ്റിസ് ഹിമ കോഹ്‍ലി, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി ടി രവികുമാർ, മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം എം സുന്ദരേഷ്, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദി, മുതിർന്ന അഭിഭാഷകൻ പി എസ് നരസിംഹ
Adjust Story Font
16