Quantcast

സംഘർഷം അവസാനിക്കാതെ മണിപ്പൂർ; വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു

ചൊവ്വാഴ്ച രാത്രി തലസ്ഥാനമായ ഇംഫാലിനടുത്ത ഖമെൻലോക് മേഖലയിലാണ് വെടിവെപ്പുണ്ടായത്.

MediaOne Logo

Web Desk

  • Published:

    14 Jun 2023 7:16 AM GMT

9 killed in fresh violence Manipur
X

ഇംഫാൽ: മണിപ്പൂരിൽ വെടിവെപ്പിൽ സ്ത്രീയുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേറ്റു. ഖമെൻലോക് മേഖലയിൽ ചൊവ്വാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായതെന്ന് സൈന്യം പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യം നിരവധി ഇടപെടൽ നടത്തിയിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ മണിപ്പൂരിലെത്തി ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി വീടുകൾ അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്ന സംസ്ഥാനത്തുനിന്ന് സൈന്യം നൽകുന്ന വാർത്തകൾ മാത്രമാണ് പുറത്തുവരുന്നത്.

സർക്കാർ നൽകുന്ന കണക്കുപ്രകാരം നൂറിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാൽ കൊല്ലപ്പെട്ടവരുടെ പൂർണ വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. സംഘർഷം അവസാനിപ്പിക്കാൻ ഗവർണറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിരുന്നെങ്കിലും ഒരുതവണ മാത്രമാണ് ഇവർ യോഗം ചേർന്നത്.

ഒരു മാസത്തോളമായി മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടത്ര ഇടപെടലുകൾ നടത്തുന്നില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തതിനെയും പ്രതിപക്ഷം വിമർശിക്കുന്നത്. പൊലീസിന്റെ ആയുധങ്ങൾ വൻതോതിൽ മേഷണം പോയിരുന്നു. ഇതുപയോഗിച്ചാണ് ആക്രമണം നടത്തുന്നത് എന്നാണ് സൈന്യം തന്നെ പറയുന്നത്. എന്നാൽ ഈ ആയുധങ്ങൾ ഇതുവരെ പിടിച്ചെടുക്കാൻ സൈന്യത്തിനായിട്ടില്ല.

TAGS :

Next Story