ആത്മഹത്യാ ഭീഷണി മുഴക്കിയയാളുടെ വീട്ടിൽ സുരക്ഷയൊരുക്കി; 9.9 ലക്ഷം ബില്ലിട്ട് പൊലീസ്
99 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചത്
ജയ്പൂർ: ആത്മഹത്യാ ഭീഷണി മുഴക്കിയയാളുടെ വീട്ടിൽ സുരക്ഷയൊരുക്കിയതിന് 9.9 ലക്ഷം രൂപ ബില്ലിട്ട് രാജസ്ഥാൻ പൊലീസ്. രാജസ്ഥാനിലെ ജുൻജുനുവിലാണ് സംഭവം. കർഷകനായ വിദ്യാദർ യാദവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
പ്രദേശത്ത് 500ഓളം വീടുകളും ഭൂമിയും നാല് വർഷം മുമ്പ് സിമൻറ് കമ്പനിയുടെ പ്രവർത്തനത്തിനായി ഏറ്റെടുത്തിരുന്നു. ഇതിൽ യാദവിെൻറ വീടുമുണ്ട്. കഴിഞ്ഞ നവംബർ അഞ്ചിന് ഈ വീട് പൊളിച്ചുനീക്കി. രണ്ട് വർഷം മുമ്പ് ഇദ്ദേഹത്തിെൻറ കൃഷി ഭൂമിയും വിട്ടുനൽകിയിരുന്നു. നിലവിൽ കമ്പനി നൽകിയ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്.
വീടും കൃഷിഭൂമിയും വിട്ടുനൽകിയതിന് നാല് കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി വാഗ്ദാനം ചെയ്തത്. എന്നാൽ, ആറ് കോടിയും സിമൻറ് കമ്പനിയിൽ ജോലിയുമാണ് യാദവ് ആവശ്യപ്പെട്ടത്. ഈ ആവശ്യം നിറവേറ്റിയില്ലെങ്കിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.
ഇയാൾ കടുംകൈ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനായി യാദവ് താമസിക്കുന്ന സ്ഥലത്ത് ജില്ലാ ഭരണകൂടം 99 പൊലീസുകാരെ വിന്യസിച്ചു. ഇതിനാണ് ഇപ്പോൾ 9,91,557 രൂപയുടെ ബിൽ ജില്ലാ ഭരണകൂടം അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ തുക അടക്കണമെന്നാണ് നിർദേശം.
അതേസമയം, സർക്കാരിൽനിന്നുള്ള കടുത്ത സമ്മർദത്തെ തുടർന്ന് നാല് കോടി രൂപയുടെ വാഗ്ദാനം ഡിസംബർ 15ന് സ്വീകരിക്കേണ്ടി വന്നുവെന്ന് യാദവ് പറഞ്ഞു. പക്ഷെ, സിമൻറ് ഫാക്ടറിയിൽ ജോലി നൽകാൻ അധികൃതർ സന്നദ്ധമായിട്ടില്ല. ഇതിന് പിന്നാലെ 17ന് 9.9 ലക്ഷം രൂപയുടെ ബിൽ നൽകുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും താൻ പൊലീസിെൻറ സഹായം ആവശ്യപ്പെട്ടിരുന്നില്ലെന്നും യാദവ് വ്യക്തമാക്കി. തന്നെ സമ്മർദത്തിലാക്കാനുള്ള തന്ത്രത്തിെൻറ ഭാഗമാണ് ഈ നോട്ടീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാദവിനെയും കുടുംബത്തെയും സുരക്ഷിതമാക്കാനാണ് പൊലീസിനെ വിന്യസിച്ചതെന്ന് ജുൻജുനു എസ്പി ശരത് ചൗധരി പറഞ്ഞു. മറ്റുള്ളവരും ഇതേ രീതി പിന്തുടരുന്നത് ഒഴിവാക്കാൻ വേണ്ടി കൂടിയാണിത് ചെയ്തതെന്നും എസ്പി വ്യക്തമാക്കി.
‘നഷ്ടപരിഹാരം വാങ്ങി അഞ്ഞൂറോളം പേർ സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. വിദ്യാധറിെൻറ വീട് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. എംഎൽഎമാരടക്കമുള്ളവർ അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. യാദവിെൻറ വീടിന് ചുറ്റും സിമൻറിനായി ഖനനം നടക്കുന്നുണ്ട്. ഇത് അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെ ജീവൻ വരെ അപകടത്തിലാക്കുന്നു. അദ്ദേഹം അനാവശ്യമായി തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിെൻറ കുടുംബത്തിെൻറ സുരക്ഷ ഉറപ്പാക്കാനാണ് ഞങ്ങൾ പൊലീസിനെ അയച്ചത്. ഭരണകൂടത്തിനെതിരായ ഈ അനാവശ്യ ഭീഷണി അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാലാണ് ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്’ -എസ്പി പറഞ്ഞു.
Adjust Story Font
16