'ഒരു ഗുജറാത്തുകാരന് രാജ്യംമുഴുവൻ പോകാമെങ്കിൽ എന്തുകൊണ്ട് ബംഗാളിക്ക് കഴിയില്ല': മോദിയെ ഉന്നമിട്ട് മമത
ഗോവ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പാർട്ടിയുടെ പ്രവേശനം മറ്റ് പാർട്ടികൾ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ബാനർജി പറഞ്ഞു. പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കാനല്ല അവരെ പിന്തുണക്കാനാണ് എത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു.
"ഒരു ഗുജറാത്തുകാരന് രാജ്യമെമ്പാടും പോകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു ബംഗാളിക്ക് കഴിയില്ല?" നോർത്ത് ഗോവയിലെ അസോനോറയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ചോദിച്ച ചോദ്യമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ടായിരുന്നു മമതയുടെ പ്രസംഗം.
'ഞാൻ ബംഗാളിയാണ്, അപ്പോൾ അദ്ദേഹം (നരേന്ദ്ര മോദി) ആരാണ്? ഗുജറാത്തിയാണ്. ഗുജറാത്തിയായതു കൊണ്ട് ഇവിടെ വരാൻ പാടില്ലെന്ന് അദ്ദേഹത്തോടു നമ്മള്‍ പറയുമോ? ഒരു ബംഗാളിക്കു ദേശീയഗാനം എഴുതാം. അതേസമയം മറ്റൊരു ബംഗാളിക്കു ഗോവയിലേക്കു വരാൻ പാടില്ല എന്നാണോ? മഹാത്മാ ഗാന്ധിയെ എല്ലാവരും ആദരിക്കുന്നുണ്ട്. അദ്ദേഹം ബംഗാളിൽനിന്നോ ബംഗാളിനു പുറത്തുനിന്നോ ഗോവയിൽനിന്നോ യുപിയിൽനിന്നോ ആണോയെന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ? എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന ആളാണു ദേശീയ നേതാവ്' മമത പറഞ്ഞു.
ഗോവ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പാർട്ടിയുടെ പ്രവേശനം മറ്റ് പാർട്ടികൾ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ബാനർജി പറഞ്ഞു. പാര്‍ട്ടി നേതാക്കളെ നിയന്ത്രിക്കാനല്ല അവരെ പിന്തുണക്കാനാണ് എത്തിയതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഗോവയെ ഡല്‍ഹിയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ നിയന്ത്രിക്കില്ലെന്നും ഗോവയിലെ ജനങ്ങള്‍ തന്നെ നിയന്ത്രിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
ഗോവയിലെ സഖ്യകക്ഷിയായ മഹാരാഷ്ട്രാവാദി ഗോമാന്തക് പാര്‍ട്ടിയുമായി ചേര്‍ന്ന് ആദ്യത്തെ റാലിയും മമത നടത്തി. പനാജിയിലായിരുന്നു റാലി. ഗോവയില്‍ കാടിളക്കിയുള്ള പ്രചാരണത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. മമത ബാനര്‍ജിയുടെ നിരവധി ഫ്‌ലക്‌സ് ബോര്‍ഡുകളും ഉയര്‍ത്തിക്കഴിഞ്ഞു. ചെറുപാര്‍ട്ടികളെ ചേര്‍ത്ത് സഖ്യമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്.
Adjust Story Font
16