Quantcast

സമാധാന കരാറിൽ ഒപ്പിട്ടു; അസമിലെ സായുധ സംഘം ‘ഉൾഫ’ പിരിച്ചുവിടുമെന്ന് കേന്ദ്രം

വടക്കുകിഴക്കൻ മേഖലയിൽ സമാധാനം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ പുകഴ്ത്തി

MediaOne Logo

Web Desk

  • Published:

    29 Dec 2023 1:51 PM GMT

ulfa will be disbanded
X

ന്യൂഡൽഹി: അസമിലെ സായുധ സംഘമായ യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) കേന്ദ്ര സർക്കാറും അസം സർക്കാറുമായി സമാധാന കരാറിൽ ഒപ്പുവെച്ചു. വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സായുധ ​സംഘമാണ് ഇതോടെ ആയുധം താഴെ വെക്കുന്നത്. അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (സ്വതന്ത്ര) വിഭാഗം സമാധാന ചർച്ചകളിൽനിന്ന് വിട്ടുനിന്നതായാണ് വിവരം.

അനധികൃത കുടിയേറ്റം, തദ്ദേശീയ ജനങ്ങൾക്ക് ഭൂമിയിൽ അവകാശം, അസമിന്റെ വികസനത്തിന് സാമ്പത്തിക പാക്കേജ് തുടങ്ങിയ ഉൾഫയുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുകയാണ് സമാധാന കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉൾഫയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും സമയബന്ധിതമായി കേന്ദ്ര സർക്കാർ നിറവേറ്റുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇത് ചരിത്രം കുറിക്കുന്ന സമാധാന ഉടമ്പടിയാണ്. സംഘടന എന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമിത് ഷാ പുകഴ്ത്തി.

അസമിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും പല പ്രദേശങ്ങളിൽ നിന്നും സായുധ സേനക്കുള്ള പ്രത്യേക അധികാരമായ ‘അഫ്സ്പ’ നീക്കിയത് മേഖലയിൽ കലാപം ഏതാണ്ട് ഇല്ലാതായതിന്റെ തെളിവാണെന്ന് അമിത് ഷാ പറഞ്ഞു. ഉൾഫയുമായുള്ള സമാധാന ഉടമ്പടി മേഖലയിലെ കലാപങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകുമെന്ന് കരാറിൽ ഒപ്പിട്ട അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ വ്യക്തമാക്കി.

1979 ഏപ്രിൽ ഏഴിന് അസമിലെ ശിവസാഗറിലാണ് ഉൾഫ സ്ഥാപിതമാകുന്നത്. തദ്ദേശീയരായ അസമീസ് ജനതക്കായി സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഉയർന്നുവന്നത്. പരേഷ് ബറുവ, അരബിന്ദ രാജ്ഖോവ, അനുപ് ചേതിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1980കളുടെ അവസാനത്തിൽ ഇവർ സായുധ പ്രവർത്തനം ആരംഭിച്ചു. 1990ൽ കേന്ദ്ര സർക്കാർ ഉൾഫയെ നിരോധിത ഭീകരസംഘടനയായി മുദ്രകുത്തി.

TAGS :

Next Story