Quantcast

ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ കൈവിട്ട് താഴേക്ക്; ജാർഖണ്ഡിലെ കേബിൾ കാർ അപകടത്തിൽ മരണം മൂന്നായി

ഞായറാഴ്ചയാണ് ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് കുന്നുകളിൽ റോപ്പ്‍വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്

MediaOne Logo

Web Desk

  • Published:

    12 April 2022 6:20 AM GMT

ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ കൈവിട്ട് താഴേക്ക്; ജാർഖണ്ഡിലെ കേബിൾ കാർ അപകടത്തിൽ മരണം മൂന്നായി
X

റാഞ്ചി: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് കുന്നുകളിൽ റോപ്പ്‍വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. തിങ്കളാഴ്ച വ്യോമസേനയുടെ രക്ഷാപ്രവർത്തനത്തിടെ കയറിൽ തൂങ്ങി ഹെലികോപ്ടറിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് കൈവിട്ട് താഴേക്ക് പതിച്ചാണ് ഒരാൾ മരിച്ചത്. ഈ ദാരുണാന്ത്യത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മരിച്ചത് പശ്ചിമ ബംഗാളിലെ ബർദ്വാൻ സ്വദേശിയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ നേരത്തെ രണ്ടുപേർ മരിച്ചിരുന്നു.

തിങ്കളാഴ്ച വൈകുന്നേരത്തെ റിപ്പോർട്ടനുസരിച്ച് ഏകദേശം 32 ഓളം പേരെ വ്യോമസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയ യാത്രക്കാരെ പുറത്തെത്തിച്ചതെന്ന് ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു.വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്ററുകൾക്ക് പുറമെ ദ്രുതപ്രതികരണസേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഇപ്പോഴുംനിരവധി പേർ മലനിരകളിൽ കേബിൾകാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

നിബിഡമായ വനങ്ങളാൽ ചുറ്റപ്പെട്ട താഴ്വരയിലൂടെയാണ് റോപ്പ്‍വേ കടന്നുപോകുന്നതിനാൽ വായുമാർഗം ഒഴികെയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ടോടെയാണ് ഇവിടെ അപകടമുണ്ടായത്.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെകുറിച്ച് ഉന്നത തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.സ്വകാര്യ കമ്പനിനടത്തുന്ന റോപ്പ്‍വേയാണിത്. സംഭവത്തിന് ശേഷം റോപ്പ്‍വേമാനേജരും മറ്റ് ജീവനക്കാരും ഒളിവിലാണ്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബമായ റോപ്പ്‍വേയാണ് ത്രികുട്ട് റോപ്പ്‍വേ. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്പ്‍വേയ്ക്ക് 766 മീറ്റർ നീളമുണ്ട്. കുന്നിന് 392 മീറ്റർ ഉയരമുണ്ട്. 25 ക്യാബിനുകളാണ് റോപ്പ്‍വേയിലുള്ളത്. ഓരോ ക്യാബിനിലും നാല് പേർക്ക് ഇരിക്കാനാകും.സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നുംഎല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു.


TAGS :

Next Story