യു.പിയിൽ വിദ്യാർഥിയുടെ മുടി പിടിച്ചുവലിച്ചു ചവിട്ടിയ അധ്യാപകന് സസ്പെൻഷൻ
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയായിരുന്നു സർക്കാർ സ്കൂൾ അധ്യാപകൻ ആക്രമിച്ചത്
ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു സ്‌കൂളിൽ പെൺകുട്ടിയുടെ തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്ത അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയായിരുന്നു സർക്കാർ സ്കൂൾ അധ്യാപകൻ ആക്രമിച്ചത്. ബിസൗലിയിലുള്ള ഒരു പ്രൈമറി സ്‌കൂളിൽ ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
അജിത് യാദവെന്ന അധ്യാപകനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ബല്ലിയ ജില്ലാ ബി.എസ്.എ മനീഷ് കുമാർ സിങ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ആഗസ്ത് 13ന് ബൈരിയ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അന്വേഷണം നടത്തി. യാദവ് പെൺകുട്ടിയുടെ മുടി പിടിച്ച് വലിച്ച് ചവിട്ടുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ക്ലാസിലെ വിദ്യാർഥികൾ ഉദ്യോഗസ്ഥരോട് പറഞ്ഞതായി സിങ് കൂട്ടിച്ചേർത്തു. ഇരയായ പെൺകുട്ടി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംഭവത്തെക്കുറിച്ച് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
വിവിധ നിയമങ്ങൾ പ്രകാരം ഇയാൾ കുറ്റക്കാരനാണ്. യാദവിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ബി.ഇ.ഒയോട് നിർദേശിച്ചിട്ടുണ്ടെന്നും മനീഷ് കുമാർ സിങ് പറഞ്ഞു.
Adjust Story Font
16