റോഡും പുഴയുമില്ല, വയലിന് നടുവിൽ വെറുതെയൊരു പാലം; അമ്പരന്ന് നാട്ടുകാർ - വിഡിയോ
പിന്നിൽ വൻ അഴിമതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു
പട്ന: ബിഹാറിൽ പാലങ്ങൾ പൊളിഞ്ഞുവീഴുന്നത് സംബന്ധിച്ച വാർത്തകളായിരുന്നു കഴിഞ്ഞമാസങ്ങളിൽ വന്നിരുന്നത്. ഡസൻ കണക്കിന് പാലങ്ങളാണ് കനത്തമഴയിൽ തകർന്നുവീണത്. എന്നാൽ, ഇപ്പോൾ ബിഹാറിലെ വിചിത്രമായ ഒരു പാലത്തിന്റെ വിഡിയോ വാർത്തകളിൽ നിറയുകയാണ്.
വയലിന് നടുവിൽ റോഡൊന്നുമില്ലാതെ പാലം മാത്രം പണിതതിന്റെ ചിത്രം എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അരാരിയ ജില്ലയിലെ പരമാനന്ദപുർ ഗ്രാമത്തിലെ വയലിന് നടുവിലാണ് പാലം പണിതിരിക്കുന്നത്.
പാലത്തിനെതിരെ വൻ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്. ഇതിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ഗ്രാമീണർ ആരോപിക്കുന്നു. സ്വകാര്യ ഭൂമിയിലാണ് പാലം നിർമിച്ചിരിക്കുന്നത്. എന്നാൽ, ഈ പാലവുമായി ബന്ധിപ്പിക്കുന്ന റോഡുകൾ രണ്ട് ഭാഗത്തും കാണാൻ സാധിക്കില്ല. ഇവിടെ പാലം അനാവശ്യമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയർന്നതോടെ അരാരിയ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവിടെ 2.5 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ, സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാത്തതിനാൽ പാലം മാത്രം നിർമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വയലിൽ റോഡ് നിർമിക്കുമ്പോൾ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യത്തോടെയാണ് പാലം നിർമിച്ചത്.
Adjust Story Font
16