Quantcast

ഗുജറാത്തിൽ പാകിസ്താൻ പൗരന്മാർക്ക് ആധാറും ആയുഷ്മാൻ കാർഡും; അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    24 July 2024 3:01 PM GMT

Aadhaar and Ayushman card for Pakistani citizens in Gujarat; Investigation started
X

അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ വ്യാജ തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ നാല് പാകിസ്താൻ പൗരന്മാർക്ക് ആധാർ കാർഡ് നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ദീർഘകാല വിസയിൽ ഇന്ത്യയിൽ താമസിക്കുന്ന ഇവർക്ക് ആധാർ വിവരങ്ങൾ ഉപയോഗിച്ച് ആയുഷ്മാൻ കാർഡുകളുമുണ്ട്. റേഷൻ കാർഡ് വിശദാംശങ്ങളും വരുമാന രേഖകളും അടിസ്ഥാനമാക്കിയാണ് ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തി സമഗ്ര റിപ്പോർട്ട് നൽകാൻ ജില്ലാ വികസന ഓഫീസർമാർ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ദീർഘകാല വിസയിൽ താമസിക്കുന്ന ആറം​ഗങ്ങളുള്ള ഒരു പാകിസ്താൻ കുടുംബം ലഖ്‌വാദിലെ സഹർനഗറിൽ താമസിക്കുന്നുണ്ടെന്ന് മെഹ്സാന താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ. സുഹാഗ് ശ്രീമാലി പറഞ്ഞു. നിലവിൽ അഞ്ച് കുടുംബാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവർ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. നിലവിൽ അഭയാർഥികളായി ഇവിടെ താമസിക്കുകയാണെന്ന് ശ്രീമാലി കൂട്ടിച്ചേർത്തു.

കുടുംബത്തിന് 2021ൽ ഒരു റേഷൻ കാർഡ് ലഭിച്ചിരുന്നു എന്നാൽ അത് 2023ൽ അസാധുവാക്കി. റേഷൻ കാർഡിൻ്റെ അടിസ്ഥാനത്തിലാണ് ആധാർ കാർഡുകൾ നൽകിയത്. കുടുംബത്തിലെ നാലുപേർക്ക് ആയുഷ്മാൻ കാർഡ് നൽകി. ആയുഷ്മാൻ പദ്ധതി പ്രകാരം ഇതിലൊരാൾ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി സംസ്ഥാനതല അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്.

മെഹ്‌സാനയിൽ ഇത് ആദ്യ സംഭവമല്ല. 2022ൽ പാകിസ്താൻ അഭയാർഥി കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് വോട്ടർ കാർഡുകൾ നൽകിയിരുന്നു.

TAGS :

Next Story