തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാർ; ഇപ്പോൾ പിന്മാറ്റം- സർക്കാർ ചെയ്യുന്നത്
ഹോട്ടൽ, സിനിമാ ടിക്കറ്റുകൾ ബുക്കു ചെയ്യാനും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കും രേഖയായി ആധാറാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്
ആധാർ കാർഡിന്റെ ദുരുപയോഗം തടയാൻ പുതിയ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്-ഐടി മന്ത്രാലയം. 'ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതു കൊണ്ട് ഒരു സ്ഥാപനത്തിനും ആധാർ പകർപ്പ് പങ്കുവയ്ക്കരുത്' എന്നാണ് ഐടി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുള്ളത്. പകർപ്പ് നൽകുമ്പോൾ അവസാനത്തെ നാലക്കങ്ങൾ ഒഴികെ മാസ്‌ക് ചെയ്യണം എന്നാണ് സർക്കാർ നിർദേശത്തിലുള്ളത്. മാസ്‌ക്ഡ് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ യുഐഡിഎഐ വെബ്‌സൈറ്റിൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ചൂണ്ടിക്കാട്ടിയത്
രാജ്യത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം രേഖയായി ആധാർ നൽകിയിരുന്നതിന് പുതിയ ഉത്തരവോടെ അന്ത്യമാകും. ഹോട്ടൽ, സിനിമാ ടിക്കറ്റുകൾ ബുക്കു ചെയ്യാനും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കും രേഖയായി ആധാറാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇതിലെ റിസ്‌ക് ഫാക്ടർ നേരത്തെ ഐടി വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
എന്നാൽ ഇതിനെ കളിയാക്കുന്ന സമീപനമാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരുന്നതെന്ന് മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി അടക്കമുള്ളവർ കുറ്റപ്പെടുത്തുന്നു. സർക്കാർ ഇപ്പോഴെങ്കിലും ഉണർന്നത് നന്നായി എന്നും അദ്ദേഹം ട്വീറ്റു ചെയ്തു.
സ്വകാര്യ സ്ഥാപനങ്ങളുടെ ഡാറ്റ ബേസിൽ ലക്ഷക്കണക്കിന് പേരുടെ ആധാർ വിവരങ്ങളാണ് നിലവിലുള്ളത്. വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങൾ ഇനിയും ദുരുപയോഗപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഇതിനു തടയിടാൻ നിയമനിർമാണം അടക്കം ഫലപ്രദമായ മാർഗങ്ങൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കുറ്റകരം
ഹോട്ടലുകൾ, സിനിമാ ഹാളുകൾ തുടങ്ങി ആധാർ യൂസർ ലൈസൻസ് ഉപയോഗിക്കാൻ അനുമതിയില്ലാത്ത സ്ഥാപനങ്ങൾ ഇനി രേഖയായി ആധാർ ആവശ്യപ്പെടുന്നത് കുറ്റകരമാണ്. 2016ലെ ആധാർ നിയമപ്രകാരം ആധാർ പകർപ്പ് സൂക്ഷിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്ന് ഐടി മന്ത്രാലയം പറയുന്നു. ഇതിന് ബദലായി മാസ്‌ക്ഡ് ആധാർ ഉപയോഗിക്കാമെന്നും യുഐഡിഎഐ വെബ്‌സൈറ്റ് നിർദേശിക്കുന്നു.
പബ്ലിക് ഇന്റർനെറ്റ്/കിയോസ്കുകളിൽനിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്യരുതെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം, കമ്പ്യൂട്ടറിൽ നിന്ന് ഡൗൺലോഡ് കോപ്പികൾ എല്ലാ കാലത്തേക്കുമായി ഡിലീറ്റ് ചെയ്യേണ്ടതാണ്.
മാസ്‌ക്ഡ് ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാം
12 അക്ക ആധാർ നമ്പർ മുഴുവനായി കാണുന്നതാകില്ല മാസ്‌ക്ഡ് ആധാർ. പകരം, അവസാന നാലക്കം മാത്രമേ കാണാനാകൂ. യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ആധാറിന്റെ മാസ്‌ക്ഡ് കോപ്പി ഡൗൺലോഡ് ചെയ്യാം. ഇതിനായി ചെയ്യേണ്ടത്;
1- https://myaadhaar.uidai.gov.in/ വെബ്‌സൈറ്റിൽ പ്രവേശിക്കുക.
2- നിങ്ങളുടെ ആധാർ കാർഡ് നമ്പർ ടൈപ് ചെയ്യുക
3- Do you want a masked Aadhaar എന്ന ഒപ്ഷൻ സെലക്ട് ചെയ്യുക
4- ആധാറിന്റെ അവസാന നാലക്കം മാത്രമുള്ള കോപ്പി കിട്ടാൻ ഡൗൺലോഡ് സെലക്ട് ചെയ്യുക
സിം കാർഡിന് ബാധകമോ?
മൊബൈൽ സിം കാർഡുകൾ ലഭിക്കാൻ നിലവിൽ ആധാർ കാർഡ് വിവരങ്ങൾ പങ്കുവയ്‌ക്കേണ്ട സാഹചര്യമുണ്ട്. റിലയൻസ്, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ കമ്പനികളാണ് വ്യക്തികളുടെ ബയോ മെട്രിക് വിവരങ്ങൾ വർഷങ്ങളായി സൂക്ഷിക്കുന്നത്. സിം കാർഡ് അനുബന്ധ സേവനങ്ങൾക്കും മാസ്‌ക്ഡ് ആധാർ മതിയോ എന്നതിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് സർക്കാർ നിർദേശത്തിൽ കൃത്യമായ വിവരങ്ങളില്ല.
ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) രേഖയാണ് ആധാർ. യുഐഡിഎഐ വെബ്‌സൈറ്റിലെ Aadhaar Myth Busters page വിവരപ്രകാരം രണ്ടിനും ആധാർ കാർഡ് ആവശ്യമില്ലെന്നാണ് പറയുന്നത്. എന്നാൽ ആധാർ നൽകിയില്ലെങ്കിൽ ഇവ രണ്ടും നിലവിൽ ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്.
ഇതിന് പുറമേ, സിബിഎസ്ഇ, നീറ്റ് അടക്കമുള്ള വിവിധ പ്രവേശന പരീക്ഷകൾ, യുജിസി നടത്തുന്ന പരീക്ഷകൾ, സ്‌കൂൾ പ്രവേശനം തുടങ്ങിയവയ്‌ക്കെല്ലാം ആധാർ നിർബന്ധമാണ്. ആധാർ തിരിച്ചറിയൽ രേഖയായി നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർബന്ധിക്കുകയാണ് എങ്കിൽ ഇതുമായി ബന്ധപ്പെട്ട യുഐഡിഎഐ പത്രക്കുറിപ്പ് കാണിക്കാമെന്ന് വെബ്‌സൈറ്റിൽ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും ഫലത്തിൽ നടക്കുന്ന സാഹചര്യമല്ല നിലവിലുള്ളത്. ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ സ്‌കൂൾ പ്രവേശനം നിഷേധിച്ച സംഭവങ്ങളും രാജ്യത്ത് റിപ്പോർട്ടു ചെയ്തിരുന്നു.
എന്താണ് ആധാർ?
കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്‌സിക്യൂട്ടീവ് ഓർഡർ പ്രകാരം രൂപീകരിചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു.
കുറിപ്പ്: ആധാറുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പിന്നീട് പിന്‍വലിച്ചു. ഈ സ്റ്റോറി അതിനു മുമ്പ് പ്രസിദ്ധീകരിച്ചതാണ്
Adjust Story Font
16