'എന്ത് ഭക്ഷിക്കുന്നുവെന്ന് നോക്കി ഞങ്ങള്‍ ചുട്ടുകൊല്ലാറില്ല': ബി.ജെ.പിക്കെതിരെ ആദിത്യ താക്കറെ
ബി.ജെ.പി മഹാരാഷ്ട്രയില്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് ആദിത്യ താക്കറെ
Aaditya Thackeray
ഹൈദരാബാദ്: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. ബി.ജെ.പി മഹാരാഷ്ട്രയില്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് ആദിത്യ താക്കറെ ആരോപിച്ചു. തങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിർവചിക്കപ്പെട്ടതാണെന്നും അത് ബി.ജെ.പിയുടെ ഹിന്ദുത്വ അല്ലെന്നും അദ്ദേഹം ഹൈദരാബാദില്‍ പറഞ്ഞു.
"ഞങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിർവചിക്കപ്പെട്ടതാണ്. ജനങ്ങളെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ പേരില്‍ ഞങ്ങൾ ചുട്ടുകൊല്ലുന്നില്ല. അതാണ് ബി.ജെ.പിയുടെ ഹിന്ദുത്വമെങ്കില്‍ അത് എനിക്കും എന്റെ അച്ഛനും എന്റെ മുത്തച്ഛനും ഞങ്ങളുടെ ജനങ്ങൾക്കും മഹാരാഷ്ട്രയ്‌ക്കും സ്വീകാര്യമല്ല"- ആദിത്യ താക്കറെ പറഞ്ഞു. ഹൈദരാബാദിലെ ഗീതം സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നത് കേന്ദ്രസർക്കാരാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണെന്നും ആദിത്യ താക്കറെ പറഞ്ഞു. കേന്ദ്രസർക്കാരല്ല സുപ്രികോടതിയാണ് തീരുമാനമെടുത്തത്. 2014ൽ അന്നത്തെ ശിവസേനയെ ബി.ജെ.പി പിന്നില്‍ നിന്ന് കുത്തിയെന്നും ആദിത്യ താക്കറെ പറഞ്ഞു.
"2014ൽ ബി.ജെ.പി ശിവസേനയുമായുള്ള സഖ്യം ഒഴിവാക്കി. അന്ന് ഞങ്ങൾ ഹിന്ദുക്കളായിരുന്നു. ഇപ്പോഴും ഞങ്ങള്‍ ഹിന്ദുക്കളാണ്. ബി.ജെ.പി ഇന്ന് സംസ്ഥാനത്ത് കലാപം ഉണ്ടാക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ അനുകൂല പാർട്ടി എന്തുകൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് സംസാരിക്കാത്തത്?"- ആദിത്യ താക്കറെ ചോദിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഒരു ഭീഷണിയാണെന്ന് താൻ കരുതുന്നില്ലെന്ന് ആദിത്യ താക്കറെ പറഞ്ഞു. ബി.ജെ.പിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെലങ്കാന മന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവുമായ കെ.ടി രാമറാവുവിനെയും ആദിത്യ താക്കറെ സന്ദര്‍ശിച്ചു.
Summary- Aaditya Thackeray, son of former Maharashtra Chief Minister Uddhav Thackeray, on Tuesday hit out at the Bharatiya Janata Party
Adjust Story Font
16