പ്രതിപക്ഷ നിരയിൽ നിർണായകം; ഗുജറാത്തിലും ചുവടുറപ്പിച്ച് ആം ആദ്മി
ഡൽഹിയിൽ മാത്രമുള്ള പ്രതിഭാസമെന്ന രാഷ്ട്രീയ വിമർശനമാണ് ഇതോടെ ഇല്ലാതാകുന്നത്
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭയിലും സാന്നിധ്യം അറിയിച്ചതോടെ ദേശീയതലത്തിൽ ആം ആദ്മി പാർട്ടിയുടെ പ്രസക്തി കൂടുകയാണ്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുമ്പോൾ ഭരണം പിടിക്കുക എന്നതിനേക്കാൾ ദേശീയ പാർട്ടിയെന്ന പദവി നേടിയെടുക്കുക എന്നതായിരുന്നു ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. അതുവഴി ദേശീയതലത്തിൽ ബിജെപിക്ക് ബദലാണ് എഎപിയെന്ന പ്രതീതി സൃഷ്ടിക്കലും. രണ്ട് ലക്ഷ്യങ്ങളും നേടാൻ ഗുജറാത്തിലെ പ്രകടനം എഎ പിയെ സഹായിക്കും.
ഡൽഹിയിൽ മാത്രമുള്ള പ്രതിഭാസമെന്ന രാഷ്ട്രീയ വിമർശനമാണ് ഇതോടെ ഇല്ലാതാകുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വന്തം ഇടമുണ്ടാക്കിയെടുക്കുകയാണ് അരവിന്ദ് കെജ്‌രിവാളും കൂട്ടരും. പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയിതര പ്രതിപക്ഷ പാർട്ടികളുടെ നിരയിൽ വലിയ കസേര എഎപി ഇനി അവകാശപ്പെടാം.
ക്ഷേമപദ്ധതികളിലൂന്നി മധ്യവർഗക്കാരുടെ വോട്ട് ലക്ഷ്യമിടുന്ന ആപ്പിന്റെ രാഷ്ട്രീയ തന്ത്രം ഡൽഹിയ്ക്ക് പിറകെ പഞ്ചാബിലും വിജയം കണ്ടു. അതിനൊപ്പം മൃദു ഹിന്ദുത്വ നിലപാടുകൾ കൂടിച്ചേർത്ത് അടിത്തറ വിപുലീകരിക്കുക എന്ന തന്ത്രവും ഫലം കാണുന്നു. 15 വർഷമായി ബിജെപി ഭരിക്കുന്നഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയവും ഗുജറാത്തിലെ അക്കൗണ്ട് തുറക്കലുമാണ് അതിനുള്ള തെളിവുകൾ.
അഴിമതി ആരോപിച്ച് എഎപി നേതാക്കളും മന്ത്രിമാരുമായ മനീഷ് സിസോദിയേയും സത്യേന്ദർ ജെയിനിനെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതും ജയിലിലടച്ചതും രാഷ്ട്രീയമായി ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന്റെ ഫലമാണെന്ന് വരുത്തിത്തീർക്കാനും എഎപിക്കായി.
ഡൽഹിയിലേയും പഞ്ചാബിലേയും സർക്കാറുകളുടെ ജനക്ഷേമ പദ്ധതികൾ ചൂണ്ടിക്കാട്ടി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് എഎപി ശ്രദ്ധകേന്ദ്രീകരിക്കും. കോൺഗ്രസ് മുഖ്യപ്രതിപക്ഷമായ സംസ്ഥാനങ്ങളിലേക്കുള്ള അവരുടെ വരവ് സംഘടനാ ദൗർബല്യമുള്ള കോൺഗ്രസിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിലാക്കും. ക്ഷേമപദ്ധതികൾക്കൊപ്പം ഹിന്ദുത്വനിലപാടുകളും ഉയർത്തിപ്പിടിച്ച് അരവിന്ദ് കെജ്‌രിവാളും ആം ആദ്മിയും പാർട്ടിയും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം ബിജെപിക്കുള്ള ദേശീയ ബദലായി ഉയർന്നുവരുമോയെന്നാണ് ഇനി അറിയാനുള്ളത്.
Adjust Story Font
16