Quantcast

തോക്കുകളെ മഹത്വവത്കരിക്കുന്ന ഗാനങ്ങൾ നിരോധിച്ച് പഞ്ചാബിലെ ആംആദ്മി സർക്കാർ

ആയുധ ലൈസൻസുകൾ പുനഃപരിശോധിക്കാനും സർക്കാർ തീരുമാനം

MediaOne Logo

Web Desk

  • Published:

    13 Nov 2022 3:42 PM GMT

തോക്കുകളെ മഹത്വവത്കരിക്കുന്ന ഗാനങ്ങൾ നിരോധിച്ച് പഞ്ചാബിലെ ആംആദ്മി സർക്കാർ
X

ചണ്ഡിഗഢ്: തോക്കുകളെയും ആക്രമണങ്ങളെയും മഹത്വവത്കരിക്കുന്ന ഗാനങ്ങൾ നിരോധിച്ച് പഞ്ചാബിലെ ഭഗവന്ത് മൻ നയിക്കുന്ന ആംആദ്മി സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. നിലവിൽ നൽകിയിരിക്കുന്ന ആയുധ ലൈസൻസുകൾ പുനഃപരിശോധിക്കാനും സർക്കാർ തീരുമാനിച്ചു. പൊതുചടങ്ങുകൾ, സംഗമങ്ങൾ, കല്യാണ-മതപരമായ പരിപാടികൾ എന്നിവ നടക്കുന്നയിടങ്ങളിൽ ആയുധങ്ങൾ കൊണ്ടുവരുന്നതിനും പ്രദർശിപ്പിക്കുന്നതിനും സമ്പൂർണ നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു. സമൂഹ മാധ്യമങ്ങളിൽ ആയുധം പ്രദർശിപ്പിക്കുന്നതിനും നിരോധനമുണ്ടാകും.

ആയുധ നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങൾ ഡിജിപി പൊലീസ് കമ്മീഷണർമാർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഞായറാഴ്ച കൈമാറി. തോക്ക് കൈവശം വെക്കുന്നതിൽ വിവേചനങ്ങളില്ലാതെ പരിശോധന നടത്തുന്നതിനടക്കം മൻ നിർദേശം നൽകിയതോടെയാണ് നടപടി.

സംസ്ഥാനത്തെ ക്രമസമാധാന നില താളം തെറ്റിയതിനെ തുടർന്ന് സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ശിരോമണി അകാലിദൾ, ബിജെപി എന്നിവ രംഗത്തെത്തിയിരുന്നു. ശിവസേനാ നേതാവ് സുധീർ സൂരിയുടെയും ദേരാ സച്ചാ സൗധയുടെ പ്രദീപ് സിംഗിന്റെയും കൊലപാതകങ്ങൾ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. തോക്ക് ലൈസൻസിംഗിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ അവ റദ്ദാക്കും. 1980 കളിലും 90കളിലും തീവ്രവാദ സംഘടനകൾ സജീവമായിരുന്ന പഞ്ചാബിൽ നാലു ലക്ഷത്തോളം തോക്ക് ലൈസൻസുകൾ നൽകപ്പെട്ടിട്ടുണ്ട്.

Aam Aadmi government in Punjab bans songs glorifying guns

TAGS :

Next Story