Quantcast

'ബി.ജെ.പിയിൽ ചേരാൻ 20 കോടി, മറ്റുള്ളവരെ ചേർത്താൽ 25 കോടി'; ആരോപണവുമായി എ.എ.പി എം.എൽ.എമാർ

മനീഷ് സിസോദിയയെ മറ്റൊരു 'ഏക്‌നാഥ് ഷിൻഡെ'യാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഡൽഹിയിലെ എംഎൽഎമാരെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും സഞ്ജയ് സിംഗ്

MediaOne Logo

Web Desk

  • Published:

    24 Aug 2022 8:55 AM GMT

ബി.ജെ.പിയിൽ ചേരാൻ 20 കോടി, മറ്റുള്ളവരെ ചേർത്താൽ 25 കോടി; ആരോപണവുമായി എ.എ.പി എം.എൽ.എമാർ
X

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയുള്ള എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നടപടികളോടെ ചൂടുപിടിച്ച ഡൽഹി രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആം ആദ്മി പാർട്ടി (എ.എ.പി) എം.എൽ.എമാർ. ബി.ജെ.പിയിൽ ചേരാനും സുഹൃത്തുക്കളെ ചേർക്കാനും തങ്ങൾക്ക് അടുപ്പമുള്ള പാർട്ടി അംഗങ്ങൾ വഴി വൻതുക വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. എ.എ.പി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിംഗാണ് ആരോപണം ഉന്നയിച്ചത്. എ.എ.പി എംഎൽഎമാർ ബിജെപിയിൽ ചേർന്നാൽ 20 കോടിയും സുഹൃത്തുക്കളായ പാർട്ടി എംഎൽഎമാരെ ചേർത്താൽ 25 കോടിയും നിയമസഭയിലെ പാർട്ടി അംഗങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടെന്നാണ് സിംഗ് വെളിപ്പെടുത്തിയത്. അജയ് ദത്ത്, സഞ്ജീവ് ത്ഥാ, സോംനാഥ് ഭാരതി, കുൽദീപ് കുമാർ എന്നിവരെയാണ് ബിജെപി വാഗ്ദാനങ്ങളുമായി സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മനീഷ് സിസോദിയയെ മറ്റൊരു 'ഏക്‌നാഥ് ഷിൻഡെ'യാക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഡൽഹിയിലെ എംഎൽഎമാരെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും സിംഗ് കുറ്റപ്പെടുത്തി. എ.എ.പി എംഎൽഎമാരോട് 20 കോടി സ്വീകരിച്ച് ബിജെപിക്കൊപ്പം നിൽക്കാനോ അല്ലെങ്കിൽ സിസോദിയയെ പോലെ സി.ബി.ഐ കേസുകൾ നേരിടാനോ തയ്യാറാകണമെന്നായിരുന്നു ബിജെപിയുടെ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രതിനിധികൾ സമീപിച്ച എ.എ.പി എംഎൽഎമാരും സഞ്ജയ് സിംഗിനൊപ്പം വാർത്തസമ്മേളനത്തിലെത്തിയിരുന്നു.

'സിസോദിയക്കെതിരെയുള്ള കേസുകൾ വ്യാജമാണെന്ന് തങ്ങൾക്ക് അറിയാമെന്നും പക്ഷേ ബിജെപിയുടെ മുതിർന്ന നേതാക്കൾ എ.എ.പി സർക്കാറിനെ താഴെയിറക്കാൻ തീരുമാനിച്ചിരിക്കുകയാണ്, എ.എ.പി നേതാക്കളെ കൊണ്ടുവരാനുള്ള ചുമതല പാർട്ടി നേതാക്കൾക്ക് നൽകിയിരിക്കുകയാണ്' സോംനാഥ് ഭാരതി പറഞ്ഞു.

എ.എ.പി എം.എൽ.എമാരും സിസോദിയയും ചേർന്ന് 'ഓപ്പറേഷൻ ലോട്ടസി'നെ ഓപ്പറേഷൻ ബോഗസ് (വ്യാജം)' ആക്കി മാറ്റിയിരിക്കുകയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

'നിങ്ങൾ പല സംസ്ഥാനങ്ങളിലും സർക്കാറുകളെ വീഴ്ത്തി, എന്നാലിത് ഡൽഹിയാണ്. ജനങ്ങൾ മൂന്നു വട്ടം കെജ്‌രിവാളിനെ തെരഞ്ഞെടുത്തിരിക്കുകയാണ്' പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് സിംഗ് പറഞ്ഞു. സി.ബി.ഐ, ഇ.ഡി വിഷയങ്ങൾ ചർച്ച ചെയ്യാൻ എ.എ.പി ഇന്ന് നാലു മണിക്ക് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നുണ്ട്.

എന്നാൽ മനീഷ് സിസോദിയക്കെതിരെ മദ്യനയത്തിൽ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ചുവിടാനാണ് എ.എ.പി ശ്രമിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നാൽ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനം തനിക്കു ലഭിച്ചിരുന്നുവെന്ന് മനീഷ് സിസോദിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തലവെട്ടിയാലും ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുൻപിൽ കീഴടങ്ങില്ലെന്നാണ് താൻ അവരോട് വ്യക്തമാക്കിയിരിക്കുന്നതെന്ന് സിസോദിയ പറഞ്ഞു. കേസ് ഒതുക്കിത്തീർക്കാനുള്ള വാഗ്ദാനവുമായി ബി.ജെ.പി നേതാക്കൾ സമീപിച്ച വിവരം ട്വിറ്ററിലൂടെയാണ് മനീഷ് സിസോദിയ പുറത്തുവിട്ടത്. ആം ആദ്മിയെ തകർത്ത് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ മുഴുവൻ സി.ബി.ഐ, ഇ.ഡി കേസുകളും അവസാനിപ്പിക്കാമെന്നായിരുന്നു വാഗ്ദാനമെന്ന് സിസോദിയ വെളിപ്പെടുത്തി.

അതേസമയം, സിസോദിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ‌ കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം സി.ബി.ഐ മനീഷ് സിസോദിയക്കെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 19ന് അദ്ദേഹത്തിന്റെ വസതിയിലും മറ്റിടങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലായിരുന്നു റെയ്ഡ്. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്.

Aam Aadmi Party MLAs said that BJP members offered huge amount of money to join BJP

TAGS :

Next Story