ഹിമാചലിൽ പലയിടത്തും നോട്ടയ്ക്കും താഴെ ആംആദ്മി; ആകെ കിട്ടിയത് ഒരു ശതമാനം വോട്ട്
ഗുജറാത്തിൽ പോലും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തിയ ആപ് ഹിമാചലിൽ അതിന് മുതിരാതിരുന്നത് ഈ പരാജയം മുന്നിൽകണ്ടാവും എന്നാണ് വിലയിരുത്തൽ.
ഷിംല: ഹിമാചൽ പ്രദേശിൽ ഒരു സീറ്റിലും വിജയിക്കാനാവാതിരുന്ന ആംആദ്മി പാർട്ടിക്ക് പലയിടത്തും ലഭിച്ച വോട്ടുകൾ നോട്ടയ്ക്കും താഴെ. കേവലം 1.10 ശതമാനം വോട്ടുകൾ മാത്രമാണ് 68ൽ 67 സീറ്റുകളിൽ മത്സരിച്ച ആപിന് നേടാനായത്.
ദൽഹൗസി, കസുംപ്തി, ചോപൽ, അർകി, ചമ്പ, ചൂരാഹ് മണ്ഡലങ്ങളിൽ ഉൾപ്പെടെയാണ് കെജ്‌രിവാളിന്റെ പാർട്ടി നോട്ടയ്ക്കും താഴെ പോയത്. ബിജെപിയേയും കോൺഗ്രസിനേയും വെല്ലുവിളിച്ച് സംസ്ഥാനത്ത് മൂന്നാം ശക്തിയായി ഉയർന്നുവരാനുള്ള ആപ് ശ്രമമാണ് ആപ്പിലായത്.
തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും റാലികളും റോഡ് ഷോകളും നടത്തി പ്രചാരണം ശക്തമാക്കിയെങ്കിലും, പിന്നീട് പാർട്ടിയുടെ ഉന്നത നേതൃത്വം ഗുജറാത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അവസാനം വരെ ഊർജം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു.
ഒരു ബഹുജന നേതാവിന്റെ അഭാവവും പ്രവർത്തകരുടെ മനോവീര്യം കെടുത്തി. സത്യേന്ദർ ജെയിനിന്റെ അറസ്റ്റും മനീഷ് സിസോദിയയുടെ വീട്ടിലുൾപ്പെടെ നടത്തിയ റെയ്ഡുകളും സ്ഥാനാർഥികളുടെ ആവേശം തകർത്തു.
ദരാംഗ് മണ്ഡലത്തിലാണ് പാർട്ടി സ്ഥാനാർഥിയെ നിർത്താതിരുന്നത്. ഗുജറാത്തിൽ പോലും മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർത്തിയ ആപ് ഹിമാചലിൽ അതിന് മുതിരാതിരുന്നത് ഈ പരാജയം മുന്നിൽകണ്ടാവും എന്നാണ് വിലയിരുത്തൽ. 182 മണ്ഡലങ്ങളിലും സ്ഥാനാർഥിയുണ്ടായിരുന്നു ആപിന് ഗുജറാത്തിൽ കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും സംസ്ഥാന അധ്യക്ഷനും പോലും ഗുജറാത്തിൽ പരാജയപ്പെട്ടു. എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ കതർഗാമിലും മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്വി ഖംബാലിയയിലുമാണ് തോറ്റത്. പല എക്സിറ്റ് പോളുകളും പ്രവചിച്ച കണക്കുകൾ ആംആദ്മി പാർട്ടിയുടെ കാര്യത്തിൽ സത്യമാകുന്ന കാഴ്ചയാണ് ഗുജറാത്തിലും ഹിമാചൽ പ്രദേശിലും കണ്ടത്.
68 സീറ്റുകളിൽ 40 എണ്ണം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയ ഹിമാചൽ പ്രദേശിൽ കസേര നഷ്ടമായ ബിജെപിക്ക് കേവലം 25 സീറ്റുകളാണ് നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിൽ ഓരോന്നു വീതം ലഭിച്ചു എന്നത് ബിജെപിക്കു കോൺഗ്രസിനും ആശ്വാസമായി.
Adjust Story Font
16