ബി.ടി.എസുമായി സഖ്യം; ഗുജറാത്തിൽ ആദിവാസി വോട്ടിൽ കണ്ണെറിഞ്ഞ് കെജ്രിവാൾ; ബി.ടി.എസുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി
ഞെട്ടിപ്പിക്കുന്ന വിജയത്തിലൂടെ പഞ്ചാബിലെ കോൺഗ്രസ് ആധിപത്യം തകർത്തതിനു പിന്നാലെ ദീർഘകാലമായി ബി.ജെ.പിക്ക് എതിരാളികളില്ലാത്ത ഗുജറാത്തും പിടിക്കാൻ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി
അഹ്‌മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾ അകലെ നിൽക്കെ ഗുജറാത്ത് പിടിക്കാനുള്ള പ്രചാരണതന്ത്രങ്ങൾ ഊർജിതമാക്കി ആം ആദ്മി പാർട്ടി. ആദിവാസി മേഖലയിൽനിന്നാണ് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഗുജറാത്തിലെ ആദ്യ പൊതുപരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. ആദിവാസി സംഘടനയായ ഭാരതീയ ട്രൈബൽ പാർട്ടി(ബി.ടി.പി)യുമായി എ.എ.പി സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.
തുടക്കം ആദിവാസി തട്ടകത്തിൽനിന്ന്
ഞെട്ടിപ്പിക്കുന്ന വിജയത്തിലൂടെ പഞ്ചാബിലെ കോൺഗ്രസ് ആധിപത്യം തകർത്തതിനു പിന്നാലെ ദീർഘകാലമായി ബി.ജെ.പിക്ക് എതിരാളികളില്ലാത്ത ഗുജറാത്തും പിടിക്കാൻ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ് ആം ആദ്മി പാർട്ടി. തെരഞ്ഞെടുപ്പ് നീക്കങ്ങളുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്കുമുൻപ് കെജ്രിവാൾ ഗുജറാത്തിലെത്തിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് അദ്ദേഹം സംസ്ഥാനത്ത് ഒരു പൊതുറാലിയിൽ പങ്കെടുക്കുന്നത്. ഛോട്ടു വാസവയുടെ നേതൃത്വത്തിലുള്ള ബി.ടി.പിയുമായി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ ബറൂച്ചിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കെത്തിയതായിരുന്നു കെജ്രിവാൾ.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിച്ചും ബി.ജെ.പി വോട്ടുകൾ ഭിന്നിപ്പിച്ചും കൃത്യമായ ആസൂത്രണത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനാകും ആം ആദ്മി പാർട്ടിയുടെ പദ്ധതി. അതിന്റെ കൃത്യമായ സൂചന നൽകുന്നതാണ് കഴിഞ്ഞ ദിവസം ബറൂച്ചിൽ നടന്ന പരിപാടി.
സംസ്ഥാനത്തെ ആദിവാസി ഭൂരിപക്ഷ മേഖലയാണ് ബറൂച്ച്. 'ആദിവാസി സങ്കൽപ മഹാസമ്മേളനം' എന്ന പേരിലാണ് ബറൂച്ച് ഗ്രാമമായ ചന്ദേരിയയിൽ ബി.ടി.പിയുമായി സഹകരിച്ച് പൊതുറാലി നടന്നത്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും പൾസറിഞ്ഞുള്ള വാഗ്ദാനങ്ങളുമായി ആദ്യ പൊതുപരിപാടിയിൽ തന്നെ കെജ്രിവാൾ ജനങ്ങളെ കൈയിലെടുക്കാനും ശ്രമിച്ചിട്ടുണ്ട്.
ബി.ടി.പി ദേശീയ അധ്യക്ഷൻ മഹേഷ് വാസവയുടെ മുൻകൈയിലാണ് പാർട്ടിയുമായുള്ള സഖ്യചർച്ചകൾ നടന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായായിരുന്നു ബി.ടി.പി സഖ്യം ചേർന്നത്. മൂന്നിടത്ത് ജയിക്കുകയും ചെയ്തു.
''ബി.ജെ.പിയുടെ അഹന്ത അവസാനിപ്പിക്കൂ''
വേദിയിൽ മുതലാളിത്ത സമീപനങ്ങൾ ചൂണ്ടിക്കാട്ടി ബി.ജെ.പിയെയും കോൺഗ്രസിനെയും കടന്നാക്രമിക്കാനും കെജ്രിവാൾ മറന്നില്ല. ''രാജ്യത്തെ രണ്ട് അതിസമ്പന്നർ ഗുജറാത്തിൽനിന്നുള്ളവരാണ്. എന്നാൽ, രാജ്യത്തെ അതിദരിദ്രരും കഴിയുന്നത് ഗുജറാത്തിൽ തന്നെയാണെന്നത് വിരോധാഭാസകരമാണ്. ദഹോഡ്, ഛോട്ടാ ഉദേപൂർ, ആറവള്ളി, ദാങ് എന്നിങ്ങനെ അതിദരിദ്രർ കഴിയുന്ന ഒരുപാട് മേഖലകളുണ്ട് ഗുജറാത്തിൽ.''- കെജ്രിവാൾ ബറൂച്ചിൽ നടന്ന റാലിയിൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോൺഗ്രസും സമ്പന്നർക്കൊപ്പമാണുള്ളത്. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയാണ് അവർ ചെയ്യുന്നത്. കെജ്രിവാളും എ.എ.പിയും നിങ്ങൾക്കും പാവങ്ങൾക്കുമൊപ്പം നിൽക്കുമെന്നാണ് ഛോട്ടു ഭായിയോടും മഹേഷ് ഭായിയോയും പറയാനുള്ളത്. ഞങ്ങൾക്ക് ഒരു അവസരം തരൂ. നിങ്ങളുടെ ദാരിദ്ര്യം ഞങ്ങൾ ഇല്ലാതാക്കാം. നിങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാം. നിങ്ങൾക്കായി ആശുപത്രികൾ നിർമിക്കാം. തൊഴിൽ നൽകാം.''- പ്രസംഗത്തിൽ കെജ്രിവാൾ അവകാശപ്പെട്ടു.
ആം ആദ്മി പാർട്ടിയെ ഭയന്ന് തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ നീക്കം നടക്കുന്നതായും അദ്ദേഹം വിമർശിച്ചു. അവർ എ.എ.പിയെ ഭയന്നിരിക്കുകയാണ്. ഡിസംബർ വരെ ഞങ്ങൾക്ക് സമയം കിട്ടിയാൽ അവർക്കു തെരഞ്ഞെടുപ്പിൽ തോൽവി നേരിടേണ്ടിവരുമെന്നാണ് അവർ പറയുന്നത്. അതുകൊണ്ടാണ് ഇപ്പോൾ തന്നെ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടത്തുന്നത്. എ.എ.പിക്ക് വോട്ട് ചെയ്ത് ബി.ജെ.പിയുടെ അഹന്ത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Summary: Arvind Kejriwal announces AAP-BTP alliance, eyes on Adivasi vote bank and challenges BJP in Gujarat Assembly Polls
Adjust Story Font
16