Quantcast

'ബിജെപിയെ തോൽപിക്കണം': ഹരിയാനയിൽ രാഹുൽ ഗാന്ധി നീട്ടിയ 'കൈ' തള്ളാതെ എഎപി

സഖ്യം സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുക്കുക അരവിന്ദ് കെജ്‌രിവാളായിരിക്കുമെന്നും എഎപി നേതാവ് സഞ്ജയ് സിങ്

MediaOne Logo

Web Desk

  • Updated:

    2024-09-03 10:18:38.0

Published:

3 Sep 2024 9:56 AM GMT

AAP and Congress
X

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാൻ രാഹുല്‍ഗാന്ധി ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളെ സ്വാഗതം ചെയ്ത് എഎപി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് എഎപി എം.പി സഞ്ജയ് സിങ് പറഞ്ഞു.

"രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന''- സഞ്ജയ് സിങ് പറഞ്ഞു. എന്നാല്‍ സഖ്യം സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുക്കുക എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ ഹരിയാന ചുമതലയുള്ള സന്ദീപ് പഥക്, എഎപി ഹരിയാന പ്രസിഡൻ്റ് സുശീൽ ഗുപ്ത എന്നിവർ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും സഖ്യം സംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസുമായുള്ള സഖ്യത്തിന് എഎപി സന്നദ്ധമാണെന്നാണ് സഞ്ജയ് സിങിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. എന്നാല്‍ ഇരുപാര്‍ട്ടികളിലുമുള്ള സംസ്ഥാന നേതാക്കള്‍ സഖ്യത്തിന് അനുകൂലമാണോ എന്നാണ് പ്രധാനമായും അറിയേണ്ടത്. പല സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ ആധിപത്യത്തെ തകര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതില്‍ നിന്നും ഭിന്നമായ കാഴ്ചയാണ് ഹരിയാനയില്‍ കണ്ടിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം നിലക്ക് മത്സരിച്ച് സ്വാധീനം വര്‍ധിപ്പിക്കാനാണ് എഎപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. അതേസമയം സഖ്യം യാഥാര്‍ത്ഥ്യമായാല്‍ ഹരിയാന രാഷ്ട്രീത്തില്‍ വന്‍ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, എഎപിയുമായുള്ള സഖ്യത്തെക്കുറിച്ച് ഹരിയാന കോൺഗ്രസ് നേതാക്കളോട് ചോദിച്ചറിഞ്ഞത്. ഹരിയാനയുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോൺഗ്രസും എഎപിയും ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്.

അതേസമയം സംസ്ഥാന നേതാക്കള്‍ എഎപിയുമായി സഖ്യമില്ലെന്ന് പറയുമ്പോഴാണ് രാഹുല്‍ ഗാന്ധി സഖ്യ സാധ്യത സംബന്ധിച്ച് ആരായുന്നത് എന്നതും ശ്രദ്ധേയം.

TAGS :

Next Story