Quantcast

പഞ്ചാബ് തൂത്തുവാരി ആം ആദ്മി; കോട്ട കൈവിട്ട് കോണ്‍ഗ്രസ്

എന്നാല്‍ തുടക്കം മുതലെ എഎപി ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

MediaOne Logo

Web Desk

  • Updated:

    2022-03-10 05:48:35.0

Published:

10 March 2022 5:29 AM GMT

പഞ്ചാബ് തൂത്തുവാരി ആം ആദ്മി; കോട്ട കൈവിട്ട് കോണ്‍ഗ്രസ്
X

സ്വന്തം തട്ടകമായ പഞ്ചാബില്‍ കോണ്‍ഗ്രസ് നിലംപറ്റെ തകര്‍ന്നിരിക്കുന്ന കാഴ്ചക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. എക്സിറ്റ് പോളുകള്‍ ആപ്പിനൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ തുടക്കം മുതലെ എഎപി ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

117 അംഗ പഞ്ചാബ് നിയമസഭയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ പാർട്ടി കുറഞ്ഞത് 88 സീറ്റുകളിലും അകാലിദളും കോൺഗ്രസും യഥാക്രമം 8, 13 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ഈ ഭൂരിപക്ഷം നിലനിർത്താൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞാൽ, ലീഡുകൾ കാണിക്കുന്നതുപോലെ, സംഗ്രൂർ എം.പി ഭഗവന്ത് മന്‍ പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയാകും. എ.എ.പിക്ക് പഞ്ചാബ് ജയിക്കാനായാൽ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്‌രിവാളിന്‍റെ ആദ്യ വലിയ വിജയമായിരിക്കും ഇത്.

അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. എക്സിറ്റ് പോളുകള്‍ ആം ആദ്മിക്കൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയില്‍ തന്നെയായിരുന്നു കോണ്‍ഗ്രസ്. 2017ലും സമാനമായി പല എക്സിറ്റ് പോളുകളും ആം ആദ്മി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിച്ചിരുന്നു. പക്ഷേ അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. ഈ പ്രതീക്ഷകളെയെല്ലാം അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് ആപ്പിന്‍റെ മുന്നേറ്റം. എല്ലാ റൗണ്ടിലും എഎപി സ്ഥാനാർഥികളുടെ ലീഡ് വർധിക്കുന്നതിനാൽ സംഗ്രൂര്‍, പട്യാല, ബർണാല എന്നിവിടങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ നിന്നും ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മടങ്ങിപ്പോയിരുന്നു.

അഞ്ച് സീറ്റുകളിൽ മുന്നിട്ടു നിൽക്കുമ്പോൾ, സഖ്യകക്ഷിയായ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് (പിഎൽസി) ഒരു സീറ്റിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസിൽ നിന്ന് പുറത്തായ ശേഷം, അമരീന്ദർ സ്വന്തം പാർട്ടി രൂപീകരിച്ച് ബി.ജെപിയുമായും സുഖ്‌ദേവ് സിംഗ് ദിൻഡ്‌സയുടെ നേതൃത്വത്തിലുള്ള എസ്.എ.ഡിയുമായും (സംയുക്ത്) സഖ്യമുണ്ടാക്കിയിരുന്നു. ബി.ജെ.പി 65 സീറ്റുകളിൽ മത്സരിച്ചപ്പോൾ പി.എൽ.സി 37 സീറ്റുകളിലും എസ്എഡി (സംയുക്ത്) 15 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തി.

TAGS :

Next Story