'മോദി ഒറ്റക്ക് ജയിച്ചതല്ലല്ലോ...' തല മൊട്ടയടിക്കുന്നില്ലെന്ന് സോമനാഥ് ഭാരതി
"മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഞാൻ പറഞ്ഞതാണ്, മോദി ഒറ്റയ്ക്ക് നേടിയ വിജയമല്ലാത്തത് കൊണ്ടു തന്നെ എന്റെ തല മൊട്ടയടിക്കേണ്ട ആവശ്യവുമില്ല"
ന്യൂഡൽഹി: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്യുമെന്ന് പ്രഖ്യാപിച്ച എഎപി നേതാവ് തീരുമാനത്തിൽ നിന്ന് പിന്നോട്ട്. മോദിയുടേത് മുന്നണി ഒന്നാകെ നേടിയ ജയമായതിനാൽ തല മൊട്ടയടിക്കേണ്ട ആവശ്യമില്ലെന്നാണ് സോമനാഥ് ഭാരതിയെന്ന നേതാവിന്റെ വാദം. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഭാരതി തന്റെ നിലപാട് വ്യക്തമാക്കിയത്.
"മോദി മൂന്നാമതും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ഞാൻ പറഞ്ഞതാണ്. എന്നാൽ മോദിയുടെ ജയം എങ്ങനെയാണെന്ന് നോക്കൂ... മുന്നണിയുടെയാകെ വിജയമാണത്. ഒറ്റയ്ക്കല്ല അദ്ദേഹം ജയിച്ചതെങ്കിൽ അത് അദ്ദേഹത്തിന്റെ വിജയമായി കണക്കാക്കാനാവില്ല. മോദി ഒറ്റയ്ക്ക് നേടിയ വിജയമല്ലാത്തത് കൊണ്ടു തന്നെ എന്റെ തല മൊട്ടയടിക്കേണ്ട ആവശ്യവുമില്ല". ഭാരതിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ഭാരതിയുടെ പുതിയ തീരുമാനത്തിനെതിരെ വ്യാപക വിമർശനവുമുയരുന്നുണ്ട്. ഭാരതി, എഎപി നേതാക്കളുടെ തനിനിറം കാണിച്ചു എന്നായിരുന്നു ഡൽഹിയിലെ ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂറിന്റെ പരിഹാസം. ആംആദ്മി നേതാക്കൾക്ക് പറഞ്ഞ വാക്കിന് വിലയില്ലെന്ന് എല്ലാവർക്കുമറിയാമെന്നും പക്ഷേ പറഞ്ഞ വാക്കിൽ നിന്ന് ഭാരതിക്ക് പിന്നോട്ട് പോവാനാവില്ലെന്നും പ്രവീൺ എക്‌സിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ട് മുമ്പ് എക്‌സിലൂടെയായിരുന്നു തല മൊട്ടയടിക്കുമെന്ന് ഭാരതിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹിയിലെ എഎപിയുടെ സ്ഥാനാർഥിയായിരുന്നു സോമനാഥ് ഭാരതി. ബിജെപിയുടെ ബാസുരി സ്വരാജിനോട് ഒരുലക്ഷത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്.
അതേസമയം മൂന്നാം മോദി സർക്കാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 30 ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ 72 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ. ഇരുവരെയും സഹമന്ത്രി സ്ഥാനത്തേക്കാണ് പരിഗണിച്ചിരിക്കുന്നത്..
30 ക്യാബിനറ്റ് മന്ത്രിമാർ 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ 36 സഹമന്ത്രിമാർ ഉൾപ്പെടെ 72 മന്ത്രിമാർ ഇന്നലെ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവരുടെ വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല്. ബിജെപിയിൽ നിന്ന് 36 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും അധികാരമേറ്റു. രണ്ട് ക്യാബിനറ്റ് പദവിയാണ് ടിഡിപിക്ക് നൽകിയിരിക്കുന്നത്. രണ്ട് ക്യാബിനറ്റ് മന്ത്രിമാർ ഉൾപ്പെടെ നാലു വനിതകൾ മന്ത്രിസഭയിൽ ഉണ്ട്. ഏഴ് മുൻ മുഖ്യമന്ത്രിമാരും പുതിയ സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്തു.
രണ്ടാം മോദി സർക്കാരിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്ത് മന്ത്രിമാരെ നിലനിർത്തിയാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. അമിത് ഷാ, രാജനാഥ് സിംഗ്, നിർമ്മലാ സീത രാമൻ, ഡോ: എസ് ജയശങ്കർ, നിതിൻ ഗഡ്ക്കരി, പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രധാൻ, അശ്വനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ് കിരൺ റിജിജു എന്നിവർ ഇത്തവണയും മന്ത്രിസഭയിൽ സ്ഥാനം പിടിച്ചു.
ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിലുള്ളത്. 10 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഘടകകക്ഷികളിൽ നിന്ന് ആദ്യം സത്യ പ്രതിജ്ഞ ചെയ്ത് ജെ ഡി എസ് നേതാവ് എച്. ഡി കുമാരസ്വാമിയാണ്.
Adjust Story Font
16