Quantcast

എ.എ.പി എം.എല്‍.എയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി നേതാക്കള്‍ പണം വാങ്ങി സീറ്റ് വിറ്റു എന്ന് ആരോപിച്ചായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Published:

    22 Nov 2022 3:13 PM GMT

എ.എ.പി എം.എല്‍.എയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
X

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ഗുലാബ് സിങ് യാദവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി നേതാക്കള്‍ പണം വാങ്ങി സീറ്റ് വിറ്റു എന്ന് ആരോപിച്ചായിരുന്നു അക്രമം. ഡല്‍ഹിയിലെ മാട്യാല മണ്ഡലം എം.എല്‍.എയാണ് ഗുലാബ് സിങ്.

തിങ്കളാഴ്ച വൈകിട്ട് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നംഗ്ലി സക്രാവതി വാർഡിൽ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തില്‍ പങ്കെടുക്കവേയാണ് ഗുലാബ് സിങ്ങിനെ എ.എ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്- "ഞാൻ പരാതി നല്‍കിയിട്ടുണ്ട്. എന്‍റെ സ്വന്തം പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ ബി.ജെ.പി നേതാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നു. എന്നെ ആക്രമിക്കാൻ അവരെ ബി.ജെ.പിയാണ് പ്രേരിപ്പിച്ചത്. എന്നെ ആക്രമിച്ചവരെ സംരക്ഷിക്കാന്‍ വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ഥി തന്നെ പൊലീസ് സ്റ്റേഷനിലെത്തി" എന്നാണ് എം.എല്‍.എയുടെ പ്രതികരണം.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് എം.എല്‍.എയെ കയ്യേറ്റം ചെയ്തെന്ന വിവരം ലഭിച്ചതെന്ന് ദ്വാരക ഡി.സി.പി എം ഹർഷ വർധൻ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തർക്കമുണ്ടായി. അത് കയ്യേറ്റത്തിലെത്തി. എം.എല്‍.എയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. എം.എല്‍.എയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഡി.സി.പി പറഞ്ഞു.

ബി.ജെ.പി. നേതാക്കളാണ് വീഡിയോ പുറത്തുവിട്ടത്. കെജ്‍രിവാളിന്‍റെ പാര്‍ട്ടി അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നതിനിടെ എം.എല്‍.എ ഓടാന്‍ ശ്രമിക്കുന്നതും പ്രവര്‍ത്തകര്‍ പിന്നാലെ ഓടി മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം സംഭവത്തെ കുറിച്ച് എ.എ.പി പ്രതികരിച്ചിട്ടില്ല.


TAGS :

Next Story