ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ആക്രമണം; എ.എ.പി കൗൺസിലർ വെടിയേറ്റ് മരിച്ചു
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
ചണ്ഡിഗഡ്: പഞ്ചാബിൽ ആം ആദ്മി കൗൺസിലര്‍ വെടിയേറ്റ് മരിച്ചു. മലേർകോട്ട ജില്ലയിലെ കൗൺസിലർ മുഹമ്മദ് അക്ബറാണ് കൊല്ലപ്പെട്ടത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ ജിമ്മിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. രണ്ട് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വെടിയുതിർത്ത ശേഷം രണ്ട് പേരും പ്രദേശത്ത് നിന്നും ഓടി രക്ഷപെട്ടു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ മെയിലാണ് പഞ്ചാബില്‍ കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. മാന്‍സയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവെയായിരുന്നു ആക്രമണം. പഞ്ചാബില്‍ 424 വി.ഐ.പികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ എ.എ.പി സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു മൂസേവാലയുടെ കൊലപാതകം. ഈ സംഭവത്തിന്‍റെ ആഘാതം മാറും മുമ്പാണ് മറ്റൊരാക്രമണംകൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Adjust Story Font
16