എ.എ.പി നേതാവിനെ ജിമ്മിനുള്ളില്‍ വെടിവെച്ച് കൊന്നു
അക്രമത്തിന്റെ ദൃശ്യങ്ങള്‍ ജിമ്മിനുള്ളിലെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചു
ചണ്ഡിഗഢ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുനിസിപ്പൽ കൗൺസിലറെ വെടിവെച്ച് കൊന്നു. മലേർകോട്ല ജില്ലയിൽ മുഹമ്മദ് അക്ബര്‍ എന്ന നേതാവാണ് കൊല്ലപ്പെട്ടത്. ജിമ്മിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം.
"ഒരാൾ ജിമ്മിലേക്ക് അതിക്രമിച്ച് കയറി അക്ബറിനെ വെടിവെയ്ക്കുകയായിരുന്നു. വളരെ അടുത്ത് നിന്നാണ് വെടിവെച്ചത്. അക്ബര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു"- മലേർകോട്ല സീനിയർ പൊലീസ് സൂപ്രണ്ട് അവ്നീത് കൗർ സിദ്ദു പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അക്രമത്തിന്റെ ദൃശ്യങ്ങള്‍ ജിമ്മിനുള്ളിലെ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചു. ജിമ്മിനുള്ളിലെത്തിയ അജ്ഞാതനായ ഒരാളുടെ അടുത്തേക്ക് അക്ബർ നീങ്ങുന്നത് വീഡിയോയിൽ കാണാം. അക്ബർ അടുത്തെത്തിയപ്പോൾ ഉടനെ കൊലയാളി തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം രണ്ടു പേര് ജിമ്മില്‍ നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം.
Summary- An Aam Aadmi Party municipal councillor was shot dead inside a gym in Punjab's Malerkotla district on Sunday, police said. Mohammad Akbar was shot from a close range.
Adjust Story Font
16