ഗോവയിൽ അക്കൗണ്ട് തുറന്ന് ആം.ആദ്മി പാര്‍ട്ടി; നിലം തൊടാതെ തൃണമൂൽ
ഗോവയിൽ സംശുദ്ധ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുകയാണ് എന്ന് കെജ്‍രിവാള്‍
ഗോവയിൽ ബി.ജെ.പിയുടെ തേരോട്ടം തുടരുന്നതിനിടെ വരവറിയിച്ച് ആം.ആദ്മി.പാർട്ടി. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ രണ്ടിടത്ത് ആം.ആദ്മി.പാർട്ടി വിജയിച്ചു. വെലിം മണ്ഡലത്തിൽ നിന്ന് ക്രൂസ് സിൽവയും ബെനാലും മണ്ഡലത്തിൽ നിന്ന് വെൻസി വിഗേസുമാണ് വിജയിച്ചത്. എ.എ.പി സ്ഥാനാർത്ഥികളുടെ വിജയത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‍രിവാള്‍ അഭിനന്ദനങ്ങളറിയിച്ചു. ഗോവയിൽ സംശുദ്ധ രാഷ്ട്രീയത്തിന് തുടക്കം കുറിക്കപ്പെടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
AAP wins two seats in Goa. Congratulations and best wishes to Capt Venzy and Er Cruz. Its the beginning of honest politics in Goa
— Arvind Kejriwal (@ArvindKejriwal) March 10, 2022
എന്നാൽ ഏറെ പ്രതീക്ഷയോടെ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിട്ട തൃണമൂൽ കോൺഗ്രസിന് സംസ്ഥാനത്ത് നിലം തൊടാനായില്ല. എം.ജി.പിക്കൊപ്പം മുന്നണിയുണ്ടാക്കി മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിച്ചിരുന്നെങ്കിലും ഒരിടത്തും വിജയിച്ചില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കം തൃണമൂലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരുന്നു. എം.ജി.പി മൂന്ന് സീറ്റാണ് സംസ്ഥാനത്ത് ആകെ നേടിയത്.
ഗോവയിൽ വോട്ടെണ്ണൽ പൂർത്തിയാവും മുമ്പേ സർക്കാര്‍ രൂപീകരണത്തിന് ബി.ജെ.പി അവകാശവാദമുന്നയിച്ച് കഴിഞ്ഞു. ഉടൻ തന്നെ ഗവർണറെ കാണുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. ഗോവയില്‍ 20 സീറ്റുകളിൽ ബിജെ.പി മുന്നേറ്റം തുടരുകയാണ്. കേവലഭൂരിപക്ഷത്തിന് 21 സീറ്റാണ് വേണ്ടത്. കഴിഞ്ഞ തവണത്തേത് പോലെ ചെറുകക്ഷികളെ കൂടെ നിർത്തി ഗവർമെന്‍റ് രൂപീകരിക്കാനാവും എന്ന് തന്നെയാണ് ബി.ജെ.പി ഉറച്ച് വിശ്വസിക്കുന്നത്. മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന എം.ജി.പി ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍.
Adjust Story Font
16