ചണ്ഡിഗഢില്‍ ബിജെപിക്ക് തിരിച്ചടി; കന്നിയങ്കത്തിൽ എഎപി മുന്നേറ്റം
കഴിഞ്ഞ തവണ 26 സീറ്റിൽ 20ഉം നേടിയായിരുന്നു ബിജെപി ഭരണം പിടിച്ചത്
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ നടന്ന ചണ്ഡിഗഢ് നഗരസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി കന്നിയങ്കം കുറിച്ച ആം ആദ്മി പാർട്ടി(എഎപി). ആകെ 35 സീറ്റിൽ 14 ഇടത്ത് ജയിച്ച് എഎപിയാണ് മുന്നിലുള്ളത്. കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക് ഇരുട്ടടിയായി മേയറും മുൻ മേയറും പരാജയപ്പെട്ടു. അതേസമയം, 12 സീറ്റുമായി എഎപിക്ക് തൊട്ടുപിന്നിലുണ്ട് ബിജെപി.
ബിജെപി ഭരിച്ചിരുന്ന നഗരസഭയിലാണ് എഎപിയുടെ വൻമുന്നേറ്റം. ചണ്ഡിഗഢിൽ പാർട്ടിയുടെ അരങ്ങേറ്റം കൂടിയാണിത്. നിലവിലെ മേയറായ രവികാന്ത് ശർമ, മുൻ മേയർ ദവേശ് മൗദ്ഗിൽ എന്നിവരെല്ലാം എഎപി സ്ഥാനാർത്ഥികളോടാണ് പരാജയപ്പെട്ടത്. അതേസമയം, എഎപി തെരഞ്ഞെടുപ്പ് കാംപയിൻ തലവൻ മുഖി ശർമയും തോറ്റിട്ടുണ്ട്. അതേസമയം, കോൺഗ്രസ് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേതിൽനിന്ന് നാല് സീറ്റ് അധികം നേടിയ കോൺഗ്രസ് എട്ടിടത്ത് ജയം കണ്ടു.
26 സീറ്റായിരുന്നു ഇതുവരെ ചണ്ഡിഗഢ് നഗരസഭയിലുണ്ടായിരുന്നത്. ഇത്തവണ ഏതാനും ഗ്രാമങ്ങളെ പഞ്ചായത്തിൽനിന്ന് നഗരസഭയുടെ ഭാഗമാക്കുകയായിരുന്നു. കഴിഞ്ഞ തവണ 26 സീറ്റിൽ 20ഉം നേടിയായിരുന്നു ബിജെപി ഭരണം പിടിച്ചത്. അന്നത്തെ സഖ്യകക്ഷിയായ അകാലിദളിന് ഒരു സീറ്റും ലഭിച്ചു. നാലിടത്ത് കോൺഗ്രസും ജയിച്ചു.
ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ എഎപി വിജയം പഞ്ചാബിലെ വലിയ മാറ്റമാണ് സൂചപ്പിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്ര കെജ്രിവാൾ പ്രതികരിച്ചു. അഴിമതിരാഷ്ട്രീയം തള്ളിക്കളഞ്ഞ ജനം എഎപിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചാബ് മാറ്റത്തിനു തയാറായിരിക്കുകയാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Summary: Arvind Kejriwal's Aam Aadmi Party (AAP) made a stellar debut in Chandigarh today, winning 14 of 35 municipal seats, with the BJP close behind at 12 seats.
Adjust Story Font
16