Quantcast

മകന്‍ അഭിഭാഷകനാകുന്ന ചടങ്ങ്‌ ഓണ്‍ലൈനില്‍ കണ്ട്‌ കണ്ണുനിറഞ്ഞ്‌ മഅ്‌ദനി

'മകന്‍ തന്റെ വേദനയേറിയ ജീവിതകഥ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിവരിച്ചത്‌ കണ്ടപ്പോള്‍ മഅ്‌ദനി വിതുമ്പി'

MediaOne Logo

Web Desk

  • Updated:

    2023-03-19 13:50:27.0

Published:

19 March 2023 12:31 PM GMT

മകന്‍ അഭിഭാഷകനാകുന്ന ചടങ്ങ്‌ ഓണ്‍ലൈനില്‍ കണ്ട്‌ കണ്ണുനിറഞ്ഞ്‌ മഅ്‌ദനി
X

ബംഗളൂരു: മകന്‍ സലാഹുദ്ദീന്‍ അയ്യൂബി അഭിഭാഷകനാകുന്ന ചടങ്ങ്‌ കൊച്ചിയില്‍ നടക്കുമ്പോള്‍ ബംഗളൂരുവിലെ ഫ്ളാറ്റില്‍ ഇരുന്ന്‌ ഓണ്‍ലൈനായി കാണുകയായിരുന്നു മഅ്‌ദനി. മകന്‍റെ എന്‍‍റോള്‍മെന്‍റ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഉമ്മ സൂഫിയ മഅ്‌ദനിക്ക്‌ എറണാകുളത്ത്‌ എത്താനായെങ്കിലും ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ സുപ്രിംകോടതി നിര്‍ദേശിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്നതിനാല്‍ മഅ്‌ദനിക്ക്‌ എത്താനായില്ല.

എറണാകുളത്ത് നടന്ന ചടങ്ങ്‌ ബന്ധു മുഹമ്മദ്‌ റജീബ്‌ മഅ്‌ദനിയെ ടാബിലൂടെ കാണിച്ചു. ചടങ്ങ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ മകന്‍ തന്റെ വേദനയേറിയ ജീവിതകഥ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിവരിച്ചത്‌ കണ്ടപ്പോള്‍ മഅ്‌ദനി വിതുമ്പി. തലച്ചോറിലേക്കുള്ള പ്രധാന ഞരമ്പുകളില്‍ തടസം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ പരസഹായമില്ലാതെ ദൈനംദിന പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയാനാകാത്ത അവസ്ഥയില്‍ പരിപൂര്‍ണ ചികിത്സയിലും വിശ്രമത്തിലുമാണ്‌ മഅ്‌ദനി.

കഴിഞ്ഞ 13 വര്‍ഷത്തോളം ജയിലിലും പുറത്തുമായി ബംഗളൂരുവില്‍ കഴിയുന്ന മഅ്‌ദനിക്ക്‌ നഗര പരിധി വിടാന്‍ കഴിയില്ല. മകന്‍ സലാഹുദീന്‍ അയ്യൂബിക്ക്‌ 9 മാസം പ്രായമുള്ളപ്പോഴാണ്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ 1998ല്‍ മഅ്‌ദനിയെ എറണാകുളത്ത്‌ നിന്ന്‌ അറസ്റ്റ് ചെയ്യുന്നത്‌. 2007 ആഗസ്റ്റില്‍ നിരപരാധിയായി മോചിതനായി. മകന്റെ ഹൈസ്‌കൂള്‍ പഠന കാലത്ത്‌ ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ 2010 ആഗസ്റ്റില്‍ വീണ്ടും അറസ്റ്റിലായി.

ആലുവ ചൂണ്ടിയിലുള്ള ഭാരത്‌ മാത കോളജില്‍ നിന്നാണ്‌ സലാഹുദീന്‍ അയ്യൂബി എല്‍.എല്‍.ബി പരീക്ഷ പാസായത്‌. അവകാശ നിഷേധം അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ നിസ്സഹായര്‍ക്കും കൈത്താങ്ങായി മാറാന്‍ നിയമ ബിരുദം മകന് കരുത്തേകട്ടെയെന്ന്‌ മഅ്‌ദനി പറഞ്ഞു.







TAGS :

Next Story