'കഴുത്തറുത്താലും മമതക്കൊപ്പം'; ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി അഭിഷേക് ബാനർജി
തൃണമൂൽ വിട്ട് ബിജെപി പാളയത്തിലെത്തിയ മുകുൾ റോയിയും സുവേന്തു അധികാരിയുമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് അഭിഷേക് ബാനർജി ആരോപിച്ചു.

കൊൽക്കത്ത: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജി. താനൊരു ഒറ്റുകാരനല്ലെന്നും തന്റെ കഴുത്തറുത്താലും മമതക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അഭിഷേക് ബാനർജി പറഞ്ഞു.
''അഭിഷേക് ബാനർജി ബിജെപിയിലേക്ക് പോകുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഞാനൊരു ഒറ്റുകാരനല്ല. ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നവർ എന്റെ കഴുത്തറുത്താലും എന്റെ ശ്വാസനാളത്തിൽ നിന്ന് മമതാ ബാനർജി സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയരും''-അഭിഷേക് പറഞ്ഞു.
തൃണമൂൽ വിട്ട് ബിജെപി പാളയത്തിലെത്തിയ മുകുൾ റോയിയും സുവേന്തു അധികാരിയുമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവർക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. മുകുൾ റോയിയും സുവേന്തു അധികാരിയും എന്തെല്ലാം പ്രചാരണം നടത്തിയാലും ഒറ്റുകാരെ തുറന്നുകാട്ടുന്നത് തുടരുമെന്നും അഭിഷേക് ബാനർജി പറഞ്ഞു.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പുതിയ കുറ്റപത്രം തയ്യാറാക്കിയത് തെളിവില്ലാതെയാണെന്നും അഭിഷേക് ബാനർജി ആരോപിച്ചു. കേന്ദ്ര സർക്കാർ നിർദേശപ്രകാരം പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര ഏജൻസികളുടെ പതിവ് നീക്കത്തിന്റെ ഭാഗമായാണ് തനിക്കെതിരായ ആരോപണങ്ങൾ. അഞ്ച് വർഷം മുമ്പ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്ന് വ്യക്തമാക്കിയ അഭിഷേക് ബാനർജി തനിക്കെതിരെ ഒരു ചെറിയ തെളിവെങ്കിലും ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞാൽ സ്വയം തൂക്കിലേറാൻ തയ്യാറാണെന്നും വ്യക്തമാക്കി.
Adjust Story Font
16