Quantcast

ത്രിപുരയില്‍ 15ന് തൃണമൂലിന്റെ റോഡ് ഷോ; അഭിഷേക് ബാനര്‍ജി നയിക്കും

ബംഗാളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മമത ബാനര്‍ജി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ത്രിപുരക്ക് പുറമെ അയല്‍ സംസ്ഥാനമായ അസമിലും തൃണമൂല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    11 Sep 2021 7:46 AM GMT

ത്രിപുരയില്‍ 15ന് തൃണമൂലിന്റെ റോഡ് ഷോ; അഭിഷേക് ബാനര്‍ജി നയിക്കും
X

ത്രിപുര രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുള്ള നീക്കങ്ങളാണ് തൃണമൂല്‍ ത്രിപുരയില്‍ നടത്തുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മരുമകനും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തിയാണ് ത്രിപുരയില്‍ തൃണമൂലിന്റെ രാഷ്ട്രീയ നീക്കങ്ങള്‍.

പാര്‍ട്ടിയുടെ ശക്തി വ്യക്തമാക്കുന്നതിനായി സെപ്റ്റംബര്‍ 15ന് ബുധനാഴ്ച തലസ്ഥാനമായ അഗര്‍ത്തലയില്‍ തൃണമൂല്‍ റോഡ് ഷോ സംഘടിപ്പിക്കും. അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് റോഡ് ഷോ. പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും റോഡ് ഷോയില്‍ പങ്കെടുക്കും.

ബംഗാളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മമത ബാനര്‍ജി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ത്രിപുരക്ക് പുറമെ അയല്‍ സംസ്ഥാനമായ അസമിലും തൃണമൂല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ത്രിപുരയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സി.പി.എം ഓഫീസുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമത്തെ തുടര്‍ന്ന് സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി മനഃപൂര്‍വ്വം അക്രമം അഴിച്ചുവിടുകയാണ്. പക്ഷെ അവരുടെ ലക്ഷ്യം നടക്കില്ല. സി.പി.എം പ്രവര്‍ത്തകരുടെ പോരാട്ടത്തിന് ഞങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തൃണമൂലിന് വോട്ട് ചെയ്യണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ആവശ്യപ്പെട്ടു.

TAGS :

Next Story