കർണാടകയിൽ കോൺഗ്രസ് കത്തിക്കയറുമ്പോള്‍ എ.ബി.പി ന്യൂസിൽ 115ഉം കടന്ന് 'ബി.ജെ.പി മുന്നേറ്റം'
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി നടത്തിയ 'ബജ്രങ് ബലി കീ' മുദ്രാവാക്യം ഇടവിട്ട് പശ്ചാത്തലത്തില്‍ പ്രക്ഷേപണം ചെയ്തായിരുന്നു ചാനലിന്റെ 'ഫലപ്രഖ്യാപനം'
ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതുമുതൽ കോൺഗ്രസിന്റെ വൻ കുതിപ്പാണ് കണ്ടത്. പോസ്റ്റൽ വോട്ടെണ്ണി ആദ്യഫലസൂചനകൾ വരുമ്പോൾ തന്നെ കോൺഗ്രസ് മുന്നേറ്റം തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ കൃത്യമായ സൂചന ആദ്യ മണിക്കൂറില്‍ തന്നെ വ്യക്തമായിരുന്നു.
ഏതാനും നിമിഷം ഇഞ്ചോടിഞ്ചു നിന്നതൊഴിച്ചുനിർത്തിയാൽ പിന്നീടങ്ങോട്ട് കീഴ്‌പ്പോട്ട് നിലംപൊത്തുകയായിരുന്നു ബി.ജെ.പി. എന്നാൽ, കോൺഗ്രസിനെക്കാൾ വ്യക്തമായ ലീഡ് നൽകി ബി.ജെ.പിയുടെ വിജയം ആഘോഷിക്കുകയായിരുന്നു ഈ സമയത്ത് ദേശീയ ചാനലായ 'എ.ബി.പി ന്യൂസ്'. ഭരണകക്ഷിയോട് ആഭിമുഖ്യം കാണിക്കാറുള്ള മറ്റു ചാനലുകളെല്ലാം കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു എ.ബി.പിയുടെ ഈ 'വേറിട്ട' കവറേജ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലടക്കം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിലേക്ക് ഒറ്റയ്ക്ക് മുന്നേറുമ്പോഴായിരുന്നു എ.ബി.പിയുടെ വിചിത്രകരമായ ആഘോഷം. ബി.ജെ.പിയും കോൺഗ്രസും 104 എന്ന തുല്യനിലയിലെത്തിയതായി പ്രഖ്യാപിച്ചായിരുന്നു തുടക്കം. ഒരു ഘട്ടത്തിൽ ബി.ജെ.പി നൂറും കടന്ന് 115 വരെ എത്തി. കോൺഗ്രസാണെങ്കിൽ 96 എന്ന നിലയിൽ പിന്നോട്ടേക്കു പോകുന്നതായാണ് ചാനൽ അവതാരകര്‍ പ്രഖ്യാപിച്ചത്.
റൂബിക ലിയാഖത്തും റൊമാനയുമായിരുന്നു എ.ബി.പിയുടെ തത്സമയ തെരഞ്ഞെടുപ്പ് ബുള്ളറ്റിനു നേതൃത്വം നൽകിയത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദി നടത്തിയ 'ബജ്രങ് ബലി കീ' മുദ്രാവാക്യം ഇടവിട്ട് പശ്ചാത്തലത്തില്‍ പ്രക്ഷേപണം ചെയ്തായിരുന്നു ചാനലിന്റെ 'ഫലപ്രഖ്യാപനം'. സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളിലടക്കം തത്സമയ കാഴ്ചക്കാരില്‍ ചാനല്‍ മറ്റെല്ലാ മാധ്യമങ്ങളെയും പിന്നിലാക്കി ഏറെ മുന്നിലാണെന്നും അവതാരകള്‍ അവകാശപ്പെടുന്നുണ്ട്.
എ.ബി.പി-സിവോട്ടർ എക്‌സിറ്റ്‌പോൾ ഫലത്തില്‍ കോൺഗ്രസിനു ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിച്ചിരുന്നത്. ബി.ജെ.പിയെ പിന്നിലാക്കി കോൺഗ്രസ് മുന്നോട്ട് കുതിക്കുമെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേ സൂചിപ്പിച്ചിരുന്നു. കോൺഗ്രസിന് നൂറുമുതൽ 112 വരെ സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രവചനം. ബി.ജെ.പി 83 മുതൽ 95 വരെ സീറ്റുമായി തൊട്ടുപിന്നിൽ ഇഞ്ചോടിഞ്ചുണ്ടാകുമെന്നും എക്‌സിറ്റ്‌പോളിൽ സൂചിപ്പിച്ചിരുന്നു.
ചാനലിന്‍റെ വേറിട്ട ആഘോഷം കണ്ട് സോഷ്യല്‍ മീഡിയയിലും അമ്പരപ്പാണ്. എവിടെനിന്നാണ് ഇത്തരമൊരു വിവരം ചാനലിനു മാത്രം ലഭിച്ചതെന്നാണ് ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്. നേരത്തെ തയാറാക്കി വച്ച റിസല്‍റ്റ് പുറത്തുവിട്ടതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Summary: ABP News live Karnataka Assembly election coverage, which gave BJP majority ahead of Congress, sparks social media debate
Adjust Story Font
16