കൂട്ടബലാത്സംഗക്കേസിൽ ഒളിവിൽപോയ പ്രതി അയൽ സംസ്ഥാനത്ത് ഷോക്കേറ്റ് മരിച്ചു
27കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ എട്ടംഗസംഘത്തിലൊരാളാണ് മരിച്ച യുവാവ്.
![Absconding Gangrape Accused Dies Of Electrocution Absconding Gangrape Accused Dies Of Electrocution](https://www.mediaoneonline.com/h-upload/2024/08/22/1439294-shok.webp)
റായ്പ്പൂർ: കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിലായിരുന്ന പ്രതി ഷോക്കേറ്റ് മരിച്ചു. ഛത്തീസ്ഗഢിലെ റായ്ഗഢ് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ 18കാരൻ സഞ്ജയ് യാദവാണ് മരിച്ചത്. ഒഡിഷയിലെ ജാർസുഗുഡ ജില്ലയിലെ സറൈപാലി ഗ്രാമത്തിലാണ് ഇയാളെ ഇലക്ട്രിക് ലൈനിൽനിന്നും ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കർഷകർ സ്ഥാപിച്ച ഇലക്ട്രിക് കമ്പിയിൽ തട്ടിയാണ് ഇയാൾ മരിച്ചതെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ജാർസുഗുഡ പൊലീസിൽ നിന്ന് ഇതുസംബന്ധിച്ച് വിവരം ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
27കാരിയായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ എട്ടംഗസംഘത്തിലൊരാളാണ് മരിച്ച യാദവ്. ആഗസ്റ്റ് 19ന് റായ്ഗഢിലെ പുശാവുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ നടന്ന രക്ഷാബന്ധൻ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുംവഴിയായിരുന്നു പ്രതികൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് റായ്ഗഢ് സിറ്റി പൊലീസ് സൂപ്രണ്ട് ആകാശ് ശുക്ല പറഞ്ഞു. സംഭവത്തിൽ 15 കാരനടക്കം മറ്റ് ഏഴ് പ്രതികളും പിടിയിലായിരുന്നു.
ഒളിവിൽ പോയ യാദവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു പിന്നാലെ, ഇവിടെ നിന്നും ഒഡിഷയിലെ ജാർസുഗുഡ ജില്ലയിലെ സറൈപാലി ഗ്രാമത്തിലേക്ക് മുങ്ങിയ ഇയാൾ അവിടെയുള്ള ബന്ധുവീട്ടിൽ തങ്ങി. എന്നാൽ ബുധനാഴ്ച, പാടത്തിട്ട ഇലക്ട്രിക് കമ്പിയിൽ ചവിട്ടി വൈദ്യുതാഘാതമേൽക്കുകയും സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ജാർസുഗുഡ പൊലീസ് അപകട മരണ റിപ്പോർട്ട് സമർപ്പിക്കുകയും അന്വേഷണം ആരംഭിച്ചതായും സി.എസ്.പി ശുക്ല പറഞ്ഞു.
കേസിൽ രാഹുൽ ചൗഹാൻ (19), മോനു സാഹു (23), രാഹുൽ ഖാദിയ (19), ഉത്തം മിർധ (20), നരേന്ദ്ര സിദാർ (23), ബബ്ലു ദെഹാരിയ (19), 15കാരൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് പ്രതികളെ ബുധനാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാവാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചതായി സി.എസ്.പി പറഞ്ഞു. പ്രതികളിലൊരാളായ രാഹുൽ ചൗഹാനെ ഇരയായ യുവതിക്ക് അറിയാമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Adjust Story Font
16