മുസ്‍ലിംവിരുദ്ധ മുന്‍വിധികള്‍ നിയമവിധേയമാക്കാനുള്ള ശ്രമം; ജെഎന്‍യു സെമിനാറിനെതിരെ അധ്യാപക സംഘടന
പഠനവുമായി ബന്ധപ്പെട്ട അക്കാദമിക് വിദഗ്ധര്‍ അധ്യാപകര്‍ക്കും മറ്റ് അക്കാദമിക് വിദഗ്ധര്‍ക്കും നാണക്കേടുണ്ടാക്കി
ഡല്‍ഹി: 'മുംബൈയിലേക്കുള്ള അനധികൃത കുടിയേറ്റക്കാർ' എന്ന വിഷയത്തിൽ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല സംഘടിപ്പിച്ച സെമിനാറിനെതിരെ യൂണിവേഴ്സിറ്റിയിലെ അധ്യാപക സംഘടനയായ ജെഎൻയുടിഎ രംഗത്ത്. അക്കാദമിക് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സെമിനാറെന്ന് ജെന്‍യു ടീച്ചേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
നവംബര്‍ 11നാണ് "മുംബൈയിലേക്കുള്ള അനധികൃത കുടിയേറ്റക്കാർ: സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഒരു വിശകലനം" എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഈ വിഷയത്തിൽ നടത്തിയ പഠനത്തിൻ്റെ ഇടക്കാല റിപ്പോർട്ടും പുറത്തുവന്നിരുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ(ടിഐഎസ്എസ്) രണ്ട് ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. നവംബർ 5ന് ടിഐഎസ്എസില്‍ നടന്ന പരിപാടിയില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുഡി പണ്ഡിറ്റ് പങ്കെടുത്തിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‍ലിം വിരുദ്ധ മുൻവിധികൾ നിയമവിധേയമാക്കാനുള്ള ശ്രമമാണിതെന്ന് ജെഎൻയുടിഎ ആരോപിച്ചു. മുംബൈയിലെ എല്ലാ കുടിയേറ്റക്കാരെയും നിയമവിരുദ്ധരായി ചിത്രീകരിക്കാനാണ് റിപ്പോര്‍ട്ടിലൂടെ ശ്രമിച്ചതെന്ന് സംഘടന ചൂണ്ടിക്കാട്ടി. അക്കാദമിക് സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമാണ് സെമിനാറെന്ന് ജെഎൻയുടിഎ ആരോപിച്ചു. സര്‍വകലാശാലയുടെ പേരും ക്യാമ്പസും ഇത്തരം വർഗീയ പ്രചരണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് വിസി വിട്ടുനിൽക്കണമെന്നും ജെഎൻയുടിഎ ആവശ്യപ്പെട്ടു.
"മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അശാസ്ത്രീയമായ പഠനത്തിൻ്റെ അപൂർണവും പക്ഷപാതപരവുമായ ഇടക്കാല റിപ്പോർട്ട് പുറത്തുവിട്ടത് അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയ കണക്ക്കൂട്ടലുകളാണ് ഇതിനുപിന്നില്‍'' രാജ്യമെമ്പാടുമുള്ള ആരോഗ്യവിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ മെഡിക്കോ ഫ്രണ്ട് സർക്കിൾ (എംഎഫ്‌സി) പ്രസ്താവനയിൽ അറിയിച്ചു. “ഇത് വോട്ടർമാരെ ധ്രുവീകരിക്കാനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ അപകീർത്തിപ്പെടുത്താനും മുംബൈയിലെ കുടിയേറ്റക്കാർക്കെതിരെ അക്രമം അഴിച്ചുവിടാനുമുള്ള ബോധപൂർവമായ ശ്രമമാണ്. അക്കാദമിക് വിദഗ്ധരിൽ നിന്നുള്ള ഇത്തരം നീക്കം അധ്യാപനത്തിൻ്റെയും പാണ്ഡിത്യത്തിന്‍റെയും അടിസ്ഥാന നൈതികതയുടെ വഞ്ചനയാണ്. സ്വയം വിഭജന പ്രത്യയശാസ്‌ത്രങ്ങളുടെ ഉപകരണങ്ങളായി മാറി. പഠനവുമായി ബന്ധപ്പെട്ട അക്കാദമിക് വിദഗ്ധര്‍ അധ്യാപകര്‍ക്കും മറ്റ് അക്കാദമിക് വിദഗ്ധര്‍ക്കും നാണക്കേടുണ്ടാക്കി'' എംഎഫ്‌സി ചൂണ്ടിക്കാട്ടി.
“പഠനത്തിൻ്റെ രീതിശാസ്ത്രപരവും ധാർമികവുമായ പിഴവുകൾ വളരെ വലുതാണ്. പ്രസ്തുത പഠനത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വയ്ക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്യുന്നു, ദേശീയ സുരക്ഷയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും സാമ്പത്തിക ക്ഷേമത്തിനും ഭീഷണിയായി ഇവരെ ചിത്രീകരിക്കുന്നു. വിശ്വസനീയമായ തെളിവുകളൊന്നും നൽകാതെ, റിപ്പോർട്ട് ഈ കുടിയേറ്റക്കാരെ തീവ്രവാദം, കള്ളക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഇത് ശരിയല്ലെന്ന് മാത്രമല്ല, ദുർബലരായ ജനങ്ങളുടെ അന്തസ്സിനും അവകാശങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്'' എംഎഫ്‌സി പ്രസ്താവനയില്‍ പറയുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍, ലെബനാന്‍, ഇറാന്‍ അംബാസഡര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ജെഎൻയുവിൻ്റെ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് (എസ്ഐഎസ്) നടത്താനിരുന്ന സെമിനാര്‍ റദ്ദാക്കി രണ്ടാഴ്ചയ്ക്ക് ശേഷമാണ് അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചത്. ഒക്ടോബര്‍ അവസാനവാരം നടക്കേണ്ടിയിരുന്ന സെമിനാര്‍ മണിക്കൂറുകള്‍ക്ക് മുന്‍പാണ് റദ്ദാക്കിയത്. സെമിനാർ റദ്ദാക്കിയ വിവരം മെയിലിലൂടെയാണ് വിദ്യാർഥികളെ അറിയിച്ചത്. കൂടാതെ നവംബർ ഏഴിനും പതിനാലിനും നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയതായി അതേ മെയിലിൽ അറിയിപ്പുണ്ടായിരുന്നു. ഇറാൻ സ്ഥാനപതി ഡോ. ഇറാജ് ഇലാഹിയായിരുന്നു സെമിനാറിൽ മുഖ്യാതിഥി.
പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് സർവകലാശാലയാണെന്നും കാരണങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് ഇറാനിയൻ, ലെബനീസ് എംബസികൾ പ്രതികരിച്ചത്. സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിനു കീഴിലുള്ള സെൻ്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ സീനിയർ ഫാക്കൽറ്റി അംഗങ്ങൾ ഉന്നയിച്ച ആശങ്കകളാണ് റദ്ദാക്കലിനു കാരണമെന്നായിരുന്നു സർവകലാശാല വൃത്തങ്ങളുടെ വിശദീകരണം. സെമിനാർ നടത്തുന്നത് ക്യാമ്പസിൽ ധ്രുവീകരണത്തിനു കാരണമാകുമെന്നായിരുന്നു ചില അധ്യാപകരുടെ പക്ഷം. സെൻ്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ചെയർപേഴ്സണെയും എസ്ഐഎസ് ഡീനെയും അറിയിക്കാതെ എങ്ങനെയാണ് അംബാസഡർമാരെ ക്ഷണിച്ചതെന്ന് പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അതേസമയം ജെഎൻയു മുൻ ഫാക്കൽറ്റി അംഗം സോയ ഹസൻ പങ്കെടുക്കാനിരുന്ന ഫലസ്തീൻ പോരാട്ടത്തെക്കുറിച്ചുള്ള സെമിനാര്‍ ഗുരുഗ്രാം സർവകലാശാല റദ്ദാക്കിയിരുന്നു.
Adjust Story Font
16