Quantcast

ഗുജറാത്ത് മോർബി പാലം തകർച്ച കേസിലെ പ്രതിയ്ക്ക് മോദക ലഡു കൊണ്ട് തുലഭാരം

141 പേരാണ് പാലം തകർന്ന് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-11-16 16:16:53.0

Published:

16 Nov 2024 4:05 PM GMT

ഗുജറാത്ത് മോർബി പാലം തകർച്ച കേസിലെ പ്രതിയ്ക്ക് മോദക ലഡു കൊണ്ട് തുലഭാരം
X

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ ദുരന്തങ്ങളിലൊന്നായിരുന്നു ഗുജറാത്തിലെ മോർബി പാലത്തിന്റെ തകർച്ച. മച്ചു നദിക്ക് കുറുകെയുള്ള പാലം തകർന്നത് 141 പേരുടെ മരണത്തിനും 180ലധികം ആളുകൾക്ക് പരിക്കേൽക്കുന്നതിനും കാരണമായിരുന്നു.

ഇപ്പോഴിതാ പാലം തകർന്ന കേസിലെ പ്രധാന പ്രതിയെ മോദകലഡു കൊണ്ട് തുലഭാരം തൂക്കുന്ന ഫോട്ടായാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വ്യവസായിയും കേസിലെ ഒന്നാം പ്രതിയുമായ ജയ്‌സുഖ് പട്ടേലിന് ഈയടുത്താണ് കേസിൽ ജാമ്യം ലഭിച്ചത്.

ജാമ്യത്തിന്റെ നിബന്ധന പ്രകാരം മോർബി ജില്ലയിലേക്ക് പട്ടേലിന് പ്രവേശനമില്ല. എന്നാൽ മതപരമായ ചടങ്ങാണിത് ഇളവ് തരണമെന്ന് പറഞ്ഞ് കോടതിയിൽ ഹരജി നൽകിയാണ് പട്ടേൽ ജില്ലയിൽ പ്രവേശിച്ചത്.

ജാമ്യത്തിനിറങ്ങിയ പട്ടേലിന് ദുരന്തം സംഭവിച്ച ജില്ലയിൽ തന്നെ മോദകലഡു കൊണ്ട് തുലഭാരം നടത്തിയത് ഇതിനോടകം വൻ വിവാദമായിക്കഴിഞ്ഞു. 75 കിലോ ലഡു കൊണ്ടാണ് തുലാഭാരം നടത്തിയത്. 141 പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയെ തുലഭാരം തൂക്കിയ ലഡു പ്രസാദമായി 60,000 പാട്ടീദാർ ജാതിയിലുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു.

പ്രദേശത്ത് പുതുതായി പണികഴിപ്പിച്ച വിവാഹ ഹാളിന്റെ ഉദ്ഘാടനത്തിനും പ്രാണപ്രതിഷ്ഠ ചടങ്ങിനുമായാണ് പട്ടേൽ എത്തിയത്. ദുരന്തം നടന്ന സ്ഥലത്ത് നിന്നും കഷ്ടിച്ച് അരമണിക്കൂർ മാത്രമേ ചടങ്ങ് നടന്ന പ്രദേശത്തേക്ക് ദൂരമുള്ളു.

2022 ഒക്ടോബർ 30നാണ് ബ്രിട്ടീഷ് കാലത്ത് നിർമിച്ച പാലം തകർന്ന് മച്ചു നദിയിൽ പതിച്ചത്. 141 പേരായിരുന്നു ദുരന്തത്തിൽ മരണത്തിന് കീഴടങ്ങിയത്. സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിലും പാലം നന്നാക്കി പരിപാലിക്കുന്നതിൽ വീഴ്ച വരുത്തിയതിലും അറ്റകുറ്റപണികൾ പരിശോധിക്കാതെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതുമായിരുന്നു പ്രധാനമായി കേസിൽ കണ്ടെത്തിയ വീഴ്ചകൾ. പാലത്തിന്റെ നടത്തിപ്പ് പട്ടേലിന്റെ ഒറേവ ഗ്രൂപ്പിനായിരുന്നു.

TAGS :

Next Story