Quantcast

ഇന്ധനവില വർധിക്കുന്നത് തടയാൻ നടപടി വേണം; ഒപെകിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ

ആഗോള വിപണിയിൽ എണ്ണവില ഉയർന്ന സാഹചര്യം എല്ലാവർക്കും ദോഷം ചെയ്യുമെന്ന് ഇന്ത്യ

MediaOne Logo

Web Desk

  • Published:

    3 Oct 2023 10:35 AM GMT

ഇന്ധനവില വർധിക്കുന്നത് തടയാൻ  നടപടി വേണം; ഒപെകിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ
X

അബൂദബി: ഇന്ധനവില വർധിക്കുന്നത് തടയാൻ ഒപെകിനോട് നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഉത്പാദനം വെട്ടിക്കുറച്ച നടപടി തിരുത്തണം. ആഗോള വിപണിയിൽ എണ്ണവില ഉയർന്ന സാഹചര്യം എല്ലാവർക്കും ദോഷം ചെയ്യുമെന്നും ഇന്ത്യ അറിയിച്ചു. അബൂദബിയിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസിനു മുമ്പാകെയാണ് ആവശ്യം ഉന്നയിച്ചത്.

ആഗോളവിപണിയിൽ എണ്ണവിലയിൽ രൂപപ്പെട്ട കുതിപ്പിനിടയിൽ പ്രധാന ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്​ യോഗം ബുധനാഴ്ച ചേരുകയാണ്. ഉത്പാദനം വെട്ടിക്കുറച്ച നടപടിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടായിരിക്കും യോഗം സ്വീകരിക്കുക. അതേ സമയം എണ്ണവില ബാരലിന്​ നൂറ്​ കടക്കാനുള്ള സാധ്യത തടയാൻ ഒപെകിന്റെ ഉൽപാദനനയം തിരുത്തണമെന്നാണ്​ ഇറക്കുമതി രാജ്യങ്ങളുടെ ആവശ്യം. ബുധനാഴ്​ച ചേരുന്ന ഒപെക്​ മന്ത്രിതല യോഗം എണ്ണവിപണിയിലെ പുതിയ പ്രവണത ചർച്ച ചെയ്യും. ആവശ്യമെങ്കിൽ സമ്പൂർണ യോഗം വിളിച്ചു ചേർക്കാനും ഒപെക്​ ആലോചിക്കുന്നുണ്ട്​.

പ്രതിദിന എണ്ണ ഉൽപാദനത്തിൽ 13 ലക്ഷം ബാരൽ കുറവ്​ വരുത്താനാണ്​ ഒപെക്​ നേതൃത്വം നേരത്തെ കൈക്കൊണ്ട തീരുമാനം. ​ഈ വർഷാവസാനം വരെ ഇതേ നയം തുടരണമെന്നാണ്​ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളുടെ നിലപാട്​. ​റഷ്യയും ഒപെകി​ന്റെ ഉൽപാദന നയത്തെ അനുകൂലിക്കുകയാണ്​.ബുധനാഴ്​ച ചേരുന്നത്​ പതിവുയോഗം മാത്രമാണെന്നും ഉത്പാദന നയം തിരുത്തേണ്ട സാഹചര്യമില്ലെന്നും​ ഒപെക്​ വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ, ഇന്ധന കയറ്റുമതിയിൽ അടുത്ത മാസം മുതൽ റഷ്യ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ടുകളുണ്ട്​. അങ്ങനെ വന്നാൽ അസംസ്​കൃത എണ്ണവില ഇനിയും ഉയർന്നേക്കും. ബാരലിന്​ 98 ഡോളറിലേക്കാണ്​ കഴിഞ്ഞ ദിവസം എണ്ണവില ​ ഉയർന്നത്​. 2022 ആഗസ്​റ്റിനിപ്പുറം വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്​. ​ യുക്രെയിൻ യുദ്ധവും ആഗോള തലത്തിൽ രൂപപ്പെട്ട പണപ്പെരുപ്പവും വിലക്കയറ്റത്തിന്​ ആക്കം കൂട്ടുന്ന സാഹചര്യമാണുള്ളത്​. എണ്ണവില ഇനിയും കൂടുന്നത്​ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ്​ അമേരിക്ക, ഇന്ത്യ ഉൾപ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ മുന്നറിയിപ്പ്.

TAGS :

Next Story