കെജ്‍രിവാളിന്റെ ജാമ്യം റദ്ദാക്കിയ നടപടി; സുപ്രിംകോടതിയെ സമീപിക്കാൻ എ.എ.പി
കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഇന്ന് രാവിലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി ഉത്തരവിനോട് വിയോജിപ്പുണ്ടെന്നും ഇതിനെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുമെന്നും ആംആദ്മി പാർട്ടി (എഎപി). മദ്യനയ അഴിമതി കേസിൽ കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഇന്ന് രാവിലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിഎംഎൽഎ പ്രകാരമുള്ള വ്യവസ്ഥകൾ വിചാരണകോടതി ചർച്ച ചെയ്തില്ലെന്നും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്നും സുധീർ കുമാർ ജെയിന്റെ അവധിക്കാല ബെഞ്ച് പറഞ്ഞു.
മെയ് 21നാണ് റോസ് അവന്യു കോടതി കെജ്‍രിവാളിന് ജാമ്യം നൽകിയത്. ഇതിനെതിരെ ഇ.ഡി നൽകിയ ഹരജിയെതുടർന്ന് കേസ് പരിഗണിക്കുന്നത്‌വരെ ഹൈക്കോടതി താത്കാലികമായി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഇന്ന് ജാമ്യം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
മദ്യനയ അഴിമതികേസിൽ കെജ്‌രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
ജാമ്യം താൽക്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്‌രിവാൾ നൽകിയ ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കാനിരിക്കേയാണ്. ഹൈക്കോടതി അന്തിമ ഉത്തരവിട്ടതിനുശേഷം കേസ് പരിഗണിക്കാമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.
Adjust Story Font
16